കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ; 1 കോടി 84 ലക്ഷം രൂപ വിലവരുന്ന മൂന്നു കിലോയിലേറെ സ്വര്‍ണ പിടികൂടി

അഞ്ചു വിവിധ കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


 
കോഴിക്കോട് : കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 1 കോടി 84 ലക്ഷം രൂപ വിലവരുന്ന മൂന്നു കിലോ 664 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. എയര്‍പോര്‍ട്ട് ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്. അഞ്ചു വിവിധ കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്. 

മൂന്നു ദിവസങ്ങളിലായിട്ടാണ് കരിപ്പൂരില്‍ കടത്താന്‍ ശ്രമിച്ച മൂന്നര കിലോയിലേറെ സ്വര്‍ണം പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിനി അയിഷത്ത് എന്ന യാത്രക്കാരിയില്‍ നിന്നാണ് 371 ഗ്രാം സ്വര്‍ണം പിടികൂടിയത്. 

ബാഗേജിലെ പാന്റുകള്‍ക്കുള്ളില്‍ ചെറു കഷ്ണങ്ങളാക്കി അതിവിദഗ്ധമായി സ്വര്‍ണം കടത്താനായിരുന്നു ശ്രമം. ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വന്ന കോഴിക്കോട് സ്വദേശി സാലി എന്ന യാത്രക്കാരനില്‍ നിന്നും 707 ഗ്രാം സ്വര്‍ണവും അനസ് എന്ന യാത്രക്കാരനില്‍ നിന്നും 960 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. 

മിശ്രിത രൂപത്തിലും ക്യാപ്‌സൂള്‍ രൂപത്തിലും ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് കണ്ടെത്തിയത്. ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വന്ന കാസര്‍കോട് സ്വദേശി അന്‍വര്‍ എന്നയാളില്‍ നിന്നും 601 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. 

ഓയില്‍ രൂപത്തില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയുടെ പാളികള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ദുബായില്‍ നിന്നെത്തിയ ഫ്‌ലൈ ദുബായ് വിമാനത്തിലെത്തിയ കടലുണ്ടി സ്വദേശി ഷിബുലാലില്‍ നിന്നും ഒരു കിലോയിലേറെ (1025 ഗ്രാം) സ്വര്‍ണവുമാണ് കണ്ടെത്തിയത്. മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.    
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com