ഷിഗെല്ലാ രോഗ ലക്ഷണമുള്ളവരുടെ എണ്ണം 50 പിന്നിട്ടു, അതീവ ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2020 08:06 AM  |  

Last Updated: 20th December 2020 09:42 AM  |   A+A-   |  

shigella bacteria

Centers for Disease Control and Prevention പ്രസിദ്ധീകരിച്ച ചിത്രം


കോഴിക്കോട്:  കോഴിക്കോട് ജില്ലയിൽ ഷി​ഗെല്ലാ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് പിന്നിട്ടു. രോഗം പടരാതിരിക്കാൻ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.

കോഴിക്കോട് കോട്ടാംപറമ്പിൽ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്.  പ്രദേശത്തെ 120 കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയൽ, വാഴൂർ പ്രദേശങ്ങളിലും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേസുകൾ റിപ്പോർട്ട് ചെയ്ത  ഇടങ്ങളിലെല്ലാം ഒരാഴ്ച തുടർച്ചയായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. മനുഷ്യ വിസർജ്ജ്യത്തിൽ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ വെള്ളത്തിൽ കലരുന്നത്. അതുകൊണ്ട് തന്നെ വ്യക്തി ശുചിത്വം പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

മുതിർന്നവരേക്കാൾ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെ വളരെ വേഗം ഷിഗെല്ല പടരും. ഛർദ്ദി, പനി, വയറിളക്കം, വിസർജ്ജ്യത്തിൽ രക്തം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.