ഉന്നതവിദ്യാഭ്യാസം പരിഷ്‌കരിക്കും  മുഖ്യമന്ത്രി

കേരള യാത്രയുടെ ഭാഗമായി കൊല്ലത്ത് വിവിധ വിഭാഗങ്ങളിലെ ക്ഷണിക്കപ്പെട്ടവരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍ ഫോട്ടോ
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍ ഫോട്ടോ

കൊല്ലം: കാലാനുസൃതമായ പരിഷ്‌കാരത്തിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള യാത്രയുടെ ഭാഗമായി കൊല്ലത്ത് വിവിധ വിഭാഗങ്ങളിലെ ക്ഷണിക്കപ്പെട്ടവരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

നാലര വര്‍ഷമായി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച് വിവിധ വിഭാഗം ജനങ്ങളുടെ അഭിപ്രായം തേടിയാണ് മുഖ്യമന്ത്രി കേരള യാത്ര നടത്തുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള എല്‍ഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഈ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി സ്വീകരിക്കും. യാത്രയുടെ ആദ്യദിവസമായ ചൊവ്വാഴ്ച കാലത്ത് കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഓഡിറ്റോറിയത്തിലായിരുന്നു കൂടിക്കാഴ്ച.

കൊല്ലം, ആലപ്പുഴ തുറമുഖങ്ങള്‍ വികസിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് കായലുകള്‍ സംരക്ഷിക്കുന്നതിന് കേന്ദ്ര സഹായത്തോടെ പദ്ധതികള്‍ നടപ്പാക്കും. ദേശീയപാത വികസനം കൊല്ലം തോട് പ്രശ്‌നത്തില്‍ തടസ്സപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കും.

സംസ്ഥാനത്തെ പല പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുന്നില്ല. ഇതിന്റെ കാരണങ്ങള്‍ പഠിച്ച് നടപടി സ്വീകരിക്കുമെന്ന് ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളോട് പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, തടസ്സപ്പെട്ടുകിടന്ന പല പ്രധാന പദ്ധതികളും ഈ സര്‍ക്കാരിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാലിന്യസംസ്‌കരണത്തിനുള്ള പ്ലാന്റുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും സ്ഥാപിച്ചുവരികയാണ്.

സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനക്ഷേമ പദ്ധതികളുടെ ഗുണഫലം എല്ലാവരിലും ഒരുപോലെ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത മിക്കവാറും കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി. പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കിയതും പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുവന്നതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്. പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കി. സംസ്ഥാനത്ത് ഇപ്പോള്‍ നിക്ഷേപ സൗഹൃദമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സ് മൂന്നു വര്‍ഷത്തിനുള്ളില്‍ നേടിയാല്‍ മതി എന്ന വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com