നഗരസഭാ അധ്യക്ഷയെ നിശ്ചയിച്ചതില്‍ സിപിഎമ്മില്‍ പരസ്യപ്രതിഷേധം, ആലപ്പുഴയില്‍ പ്രതിഷേധമാര്‍ച്ച്, ചിത്തരഞ്ജനെതിരെ മുദ്രാവാക്യം

മുതിര്‍ന്ന നേതാവും പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവുമായ കെ കെ ജയമ്മയെ അവഗണിച്ചതാണ് പരസ്യപ്രതിഷേധത്തിന് വഴിവെച്ചത്
ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ച് / ടെലിവിഷന്‍ ചിത്രം
ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ച് / ടെലിവിഷന്‍ ചിത്രം


ആലപ്പുഴ : നഗരസഭ അധ്യക്ഷയെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ആലപ്പുഴ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സിപിഎം പാര്‍ട്ടി കൊടിയേന്തിയായിരുന്നു പ്രതിഷേധമാര്‍ച്ച്.

ജില്ലയിലെ മുതിര്‍ന്ന നേതാവ് പിപി ചിത്തരഞ്ജനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ആലപ്പുഴ നഗരസഭ അധ്യക്ഷയായി സൗമ്യ രാജിനെയാണ് പാര്‍ട്ടി ജില്ലാ നേതൃത്വം തീരുമാനിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് കെ കെ ജയമ്മയെയും പരിഗണിച്ചിരുന്നു. 

മുതിര്‍ന്ന നേതാവും പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവുമായ കെ കെ ജയമ്മയെ അവഗണിച്ചതാണ് പരസ്യപ്രതിഷേധത്തിന് വഴിവെച്ചത്. നൂറോളം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രാദേശിക നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. 

ആലപ്പുഴ ജില്ലയിലെ വിഭാഗീയതയാണ് സീനിയോറിട്ടി മറികടന്ന് ചെയര്‍പേഴ്‌സണെ നിശ്ചയിച്ചതില്‍ പ്രതിഫലിച്ചതെന്നും, പാര്‍ട്ടിയില്‍ ഡോ. തോമസ് ഐസക്കിനോട് ആഭിമുഖ്യം പുലര്‍ത്തുന്നയാള്‍ ആയതിനാലാണ് ജയമ്മയെ തഴഞ്ഞതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. 

എന്നാല്‍ പ്രതിഷേധം കണ്ട് തീരുമാനം മാറ്റില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം നാസര്‍ പറഞ്ഞു. വാര്‍ഡിലുള്ളവരല്ല അധ്യക്ഷനെ തീരുമാനിക്കുന്നത്. പണം വാങ്ങി സീറ്റ് നല്‍കിയെന്ന് പറയുന്നത് വിവരക്കേടാണ് എന്നും നാസര്‍ പറഞ്ഞു. പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നവരാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയതെന്ന് മന്ത്രി ജി സുധാകരനും പ്രതികരിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com