പൊലീസുകാരായാല്‍ ഇങ്ങനെ വേണം!; ഒഴിപ്പിക്കാനെത്തി, വീട് വച്ചു നല്‍കി എസ്‌ഐയുടെ സഹാനുഭൂതി 

മൂന്ന് വര്‍ഷം മുന്‍പു ജപ്തി നടപ്പാക്കാനെത്തിയ എസ്‌ഐ അന്‍സല്‍ വീട്ടില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കിയാണ് മാതൃകയായത്
എസ്ഐ അന്‍സല്‍
എസ്ഐ അന്‍സല്‍

കോട്ടയം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണം കേരളത്തെ ഞെട്ടിച്ചപ്പോള്‍ ജപ്തി നടപടികള്‍ക്കിടയിലും വീട് ഒഴിയേണ്ടി വന്നവരോട് സഹാനുഭൂതി കാണിച്ച മറ്റൊരു പൊലീസുകാരന്‍ ചര്‍ച്ചയാകുന്നു. മൂന്ന് വര്‍ഷം മുന്‍പു ജപ്തി നടപ്പാക്കാനെത്തിയ എസ്‌ഐ അന്‍സല്‍ വീട്ടില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കിയാണ് മാതൃകയായത്. പൊലീസുകാരായാല്‍ ഇങ്ങനെയും പെരുമാറാമെന്ന് ചൂണ്ടിക്കാണിച്ച് നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.

കോട്ടയം സ്‌പെഷല്‍ ബ്രാഞ്ചിലെ എസ്‌ഐയാണ് ചെങ്ങളം പുത്തന്‍പുരയില്‍ എ എസ് അന്‍സല്‍. 2017 ല്‍ കാഞ്ഞിരപ്പള്ളി എസ്‌ഐ ആയിരുന്നപ്പോള്‍ കാണിച്ച സഹാനുഭൂതിയാണ് സോഷ്യല്‍മീഡിയ അടക്കം ഏറ്റെടുത്തിരിക്കുന്നത്. കിടപ്പുരോഗിയായ കാഞ്ഞിരപ്പള്ളി തൈപ്പറമ്പില്‍ ബബിത ഷാനവാസ് ഖാന്റെ വീട് ഒഴിപ്പിക്കാന്‍ അന്‍സലിനു കോടതി നിര്‍ദേശം ലഭിച്ചു. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം ബബിതയുടെ വീട്ടിലെത്തിയ അന്‍സല്‍ അവരുടെ കഷ്ടപ്പാടു മനസ്സിലാക്കി. ഭര്‍ത്താവു മരിച്ച ബബിതയും മകളുമാണു വീട്ടില്‍ താമസം.

തല്‍ക്കാലത്തേക്കു നാട്ടുകാരുടെ സഹായത്തോടെ വാടക വീട് ഏര്‍പ്പാടു ചെയ്തു. ജനമൈത്രി പൊലീസിന്റെ സഹകരണത്തില്‍ നാട്ടുകാരുടെയും ചില സംഘടനകളുടെയും പിന്തുണയോടെ ബബിതയ്ക്കു സമീപത്തു സ്ഥലം വാങ്ങി വീടുവച്ചു നല്‍കിയാണ് സഹജീവികളോടുള്ള സഹാനുഭൂതി അന്‍സല്‍ പ്രകടിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com