എല്‍ഐസി ഓഹരി വില്‍പ്പന; പ്രതിഷേധം ശക്തം; ഫെബ്രുവരി നാലിന് പണിമുടക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2020 12:09 PM  |  

Last Updated: 02nd February 2020 01:13 PM  |   A+A-   |  

 

ന്യൂഡല്‍ഹി:  എല്‍ഐസിയുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര ബജറ്റ് നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജീവനക്കാര്‍ ദേശവ്യാപകമായി ''ഇറങ്ങിപ്പോക്ക് സമരം'' നടത്തുമെന്ന് ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍(എഐഐഇഎ) അറിയിച്ചു.

32 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എല്‍ഐസിക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 29 ലക്ഷംകോടി രൂപയുടെ നിക്ഷേപം ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2610 കോടി കേന്ദ്രത്തിന് ലാഭവിഹിതം കൈമാറി. 50,000കോടി രൂപയുടെ ബോണസും പോളിസി ഉടമകള്‍ക്ക് നല്‍കി. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ കേന്ദ്ര ബജറ്റ് നിര്‍ദേശത്തിനെതിരെ ദേശവ്യാപക പ്രചാരണത്തിനും സംഘടന ആഹ്വാനം ചെയ്തു.

എല്‍ഐസിയില്‍ കേന്ദ്രസര്‍ക്കാരിനുളള ഓഹരിയുടെ ഒരു ഭാഗം പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ വിറ്റഴിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം തന്നെ ഓഹരി വില്‍പ്പന നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ വരുന്ന സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നും അവര്‍ പറഞ്ഞു.