ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടു വയ്ക്കുന്നത് പരാതിപ്പെട്ടു; നാട്ടുകാർ ഭീഷണിപ്പെടുത്തുന്നതായി യുവാവ്

By സമകാലിക മലയാളം ഡെസ്‌  |   Published: 02nd February 2020 08:00 AM  |  

Last Updated: 02nd February 2020 08:15 AM  |   A+A-   |  

laud_speaker

 

തൃശ്ശൂര്‍: ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടു വയ്ക്കുന്നതിനെതിരെ പരാതിപ്പെട്ട യുവാവിനെ നാട്ടുകാർ ഭീഷണിപ്പെടുത്തുന്നതായി പരാതി. തൃശൂർ കോരച്ചാൽ സ്വദേശി വിനോദാണ് സമീപവാസികൾക്കെതിരെ പൊലീസില്‍ പരാതി നൽകിയത്. ഉച്ചത്തിൽ പാട്ട് വയ്ക്കുന്നത് വൃദ്ധരായ അച്ഛനും അമ്മയ്ക്കും വലിയ ബുദ്ധമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി.

വീടിന് സമീപത്തെ കിരാത പാർവതി ക്ഷേത്രത്തിൽ പുലർച്ചെയും വൈകീട്ടും ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെതിരെ പ്രവാസിയായ വിനോദ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഒന്നാകെ തനിക്കെതിരെ തിരിഞ്ഞെന്നാണ് വിനോദ് പറയുന്നത്.

തുടക്കത്തില്‍ അസഭ്യം പറഞ്ഞു. പിന്നീട് വധഭീഷണി വരെയുണ്ടായെന്നും വിനോദിന്‍റെ പരാതിയിൽ പറയുന്നു. പ്രദേശത്തെ യുവാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതായും വിനോദ് പറയുന്നു.

എന്നാല്‍ അനുവദനീയമായ ശബ്ദത്തില്‍ മാത്രമാണ് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് നി‍ർദേശിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വെള്ളിക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.