1.11 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു; ‘റോ ഏജന്റ്‘; ‘ഡോൺ’ തസ്‌ലിം വെടിയേറ്റു മരിച്ചു

മംഗളൂരുവിലെ ജ്വല്ലറി കൊള്ളയടിച്ച കേസിൽ ജാമ്യം നേടി നാട്ടിലേക്കു മടങ്ങുന്നതിനിടെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു
1.11 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു; ‘റോ ഏജന്റ്‘; ‘ഡോൺ’ തസ്‌ലിം വെടിയേറ്റു മരിച്ചു

മംഗളൂരു: ആർഎസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതടക്കമുള്ള കേസുകളിലെ പ്രതി ‘ഡോൺ’ തസ്‌ലിം എന്നറിയപ്പെടുന്ന സി‌എം മുഹ്ത്തസിം (40) വെടിയേറ്റു മരിച്ചു. മംഗളൂരുവിലെ ജ്വല്ലറി കൊള്ളയടിച്ച കേസിൽ ജാമ്യം നേടി നാട്ടിലേക്കു മടങ്ങുന്നതിനിടെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. കാസര്‍കോട് ചെമ്പരിക്ക സ്വദേശിയാണ് ഇയാൾ.

ബേക്കൽ, കാസർകോട് സ്‌റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളിൽ തസ്‌ലിം പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ആർഎസ്എസ് നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടതിനു 2019 ജനുവരിയിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി ന്യൂനപക്ഷ സെൽ ഭാരവാഹിയായിരുന്നുവെങ്കിലും ഇയാളെ പാർട്ടി പിന്നീടു പുറത്താക്കി.

മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുൺ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 1.11 കോടി രൂപയുടെ ആഭരണങ്ങൾ കവർന്ന കേസിൽ 2019 സെപ്റ്റംബറിൽ അറസ്റ്റിലായ തസ്‌ലിം ഗുൽബർഗ ജയിലിൽ റിമാൻഡിലായിരുന്നു. ഇക്കഴി​ഞ്ഞ ജനുവരി 31നു ജാമ്യം ലഭിച്ചു സഹോദരനൊപ്പം നാട്ടിലേക്കു പോകുമ്പോളാണു കലബുറഗിക്കടുത്ത നെലോഗിയിൽ ഗുണ്ടാ സംഘം വാഹനം തടഞ്ഞു തട്ടിക്കൊണ്ടു പോയത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണത്തിൽ ഗുണ്ടകളുടെ ഒളി സങ്കേതം കണ്ടെത്തിയെങ്കിലും പൊലീസ് എത്തുന്നതിനു മുൻപു സംഘം തസ്‌ലിമിനെയും കൊണ്ടു കാറിൽ കടന്നു കളഞ്ഞു. പൊലീസ് പിന്തുടർന്നതോടെ മംഗളൂരു ബിസി റോഡിനു സമീപം കാറിനകത്തു വെടിവച്ചു കൊന്നു ഗുണ്ടാ സംഘം രക്ഷപ്പെടുകയായിരുന്നു. ഗുണ്ടാ സംഘത്തിലെ നാല് പേരെ പിന്നീടു പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

നേരത്തേ ദുബായിലായിരുന്ന തസ്‌ലിം അവിടെ ദുബായ് പൊലീസിന്റെയും, ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യുടെയും ഏജന്റാണെന്ന് അവകാശപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട ശത്രുതയാണു തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു കരുതപ്പെടുന്നു.

ജ്വല്ലറി കൊള്ളയടിച്ച കേസിൽ രണ്ട് അഫ്ഗാനിസ്ഥാൻ സ്വദേശികളും തസ്‌ലിമിനൊപ്പം അറസ്റ്റിലായിരുന്നു. കാസർകോട് സ്വദേശി കുഞ്ഞി അഹമ്മദ്, അഫ്ഗാൻ സ്വദേശി ഫരീദ് എന്നിവരെ ആ കേസിൽ പിടികിട്ടാനുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com