സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ ; രോഗബാധിതരുടെ എണ്ണം മൂന്നായി ; രോഗി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലത്തിലാണ് വൈറസ് ബാധ പോസിറ്റീവായി രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ ; രോഗബാധിതരുടെ എണ്ണം മൂന്നായി ; രോഗി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രോഗിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിയമസഭയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലത്തിലാണ് വൈറസ് ബാധ പോസിറ്റീവായി രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. കാസര്‍കോട്ടു നിന്നും അയച്ച സാംപിളുകളില്‍ ഒന്നാണ് പോസിറ്റീവായി തെളിഞ്ഞത്. കൊറോണ സ്ഥിരീകരിച്ച ഈ രോഗിയും ചൈനയിലെ വുഹാനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയാണെന്നാണ് സൂചന.

സംസ്ഥാനത്തു നിന്നും 104 രക്തസാംപിളുകളാണ് കൊറോണ വൈറസ് പരിശോധനയ്ക്കായി പൂനെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇതിലാണ് ഒരു പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചത്. കൊറോണ സംബന്ധിച്ച് കൂടുതല്‍ കേസുകള്‍ വരാനിടയുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആരോഗ്യവകുപ്പ് രോഗത്തെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്ന് വന്നവരും അവരുമായി അടുത്ത് ഇടപഴകിയവരുമെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു.

ചട്ടം 300 പ്രകാരം നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് മന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാനത്തും രാജ്യത്തും കൊറോണ ബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കേസാണിത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള വിദ്യാര്‍ത്ഥിനിയിലാണ് കൊറോണ ആദ്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള വിദ്യാര്‍ത്ഥിക്കും രോഗബാധ കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com