മക്കള്‍ കേസില്‍പ്പെട്ടാല്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികം ; പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രി

പൊലീസിന്റെ ഇടപെടല്‍ കൊണ്ടല്ല, ആവശ്യത്തിന് ഹാജരില്ലാത്തതുകൊണ്ടാണ് അലനെയും താഹയെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കിയത്
മക്കള്‍ കേസില്‍പ്പെട്ടാല്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികം ; പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം : പന്തീരാങ്കാവ് യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യ്ക്ക് കൈമാറിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സ്വമേധയാ ഏറ്റെടുത്തതാണ്. കേസ് എന്‍ഐഎ ഏറ്റെടുത്തതിന് നിയമപരമായ പിന്‍ബലമുണ്ട്. സര്‍ക്കാര്‍ പരിശോധിക്കും മുമ്പ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. എന്‍ഐഎ അന്വേഷണത്തിന് നിര്‍ദേശിച്ചത് കേന്ദ്രസര്‍ക്കാരാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഉസ്മാന്‍ നേരത്തെ തന്നെ യുഎപിഎ കേസില്‍ പ്രതിയാണെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേസ് സംബന്ധിച്ച് എല്ലാ കാര്യങ്ങളും നേരത്തെ വിശദമാക്കിയതാണ്. അതിനാല്‍ കൂടുതല്‍ ഒന്നും പറയാനില്ല. പൊലീസിന്റെ ഇടപെടല്‍ കൊണ്ടല്ല, ആവശ്യത്തിന് ഹാജരില്ലാത്തതുകൊണ്ടാണ് അലനെയും താഹയെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കിയത്. മകന്‍ കേസില്‍പ്പെട്ടാല്‍ ഏത് മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. അത് ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.  ചിദംബരം ആഭ്യന്തര മന്ത്രി ആയിരിക്കെ കൊണ്ടു വന്ന എന്‍ഐഎ നിയമപ്രകാരം ആണ് സംസ്ഥാനം അറിയാതെ കേന്ദ്രം കേസ് ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായത്. നിയമസഭയില്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് പ്രസക്തയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

യുഡിഎഫ് ഭരണകാലത്ത് ഒമ്പത് യുഎപിഎ കേസുകളാണ് എന്‍ഐഎ ഏറ്റെടുത്തത്. അന്ന് ആരെയെങ്കിലും കത്തുമായി കേന്ദ്രത്തിന് അരികിലേക്ക് വിട്ടിരുന്നോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മാവോയിസ്റ്റ് കേസ് വരുമ്പോള്‍ സംസ്ഥാനത്തെ ചില ഗ്രൂപ്പുകള്‍ക്ക് താല്‍പ്പര്യം വരുന്നു. അമിത് ഷായുടെ മുന്നില്‍ കത്തുമായി പോകണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു. മാവോയിസ്റ്റ് രീതി നാടിന് പറ്റിയതാണോ എന്ന് ആലോചിക്കണം. എല്‍ഡിഎഫിനെ രാഷ്ട്രീയമായി എതിര്‍ക്കാന്‍, മാവോയിസ്റ്റുകളെ ന്യായീകരിക്കാന്‍ പ്രതിപക്ഷം വ്യഗ്രത കാട്ടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പന്തീരാങ്കാവ് യുഎപിഎ വിഷയത്തില്‍ പ്രതിപക്ഷത്തു നിന്നും,  മുസ്ലിംലീഗിലെ എം കെ മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അലനെയും താഹയെയും അന്യായമായി തടവില്‍ വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ടെടുത്തത് സിപിഎം ഭരണഘടനയാണ്. എന്‍ഐഎ കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ക്കുമേല്‍ യുഎപിഎ ചുമത്തിയതെന്നും മുനീര്‍ ആരോപിച്ചു.

നാല് മാസവും രണ്ട് ദിവസവും ആയി അലനും താഹയും ജയിലില്‍ കഴിയുകയാണ്. തെളിവുണ്ടോ എന്ന് പോലും പൊലീസിന് വ്യക്തതയില്ലെന്ന് എംകെ മുനീര്‍ ആരോപിച്ചു. ഇവര്‍ ചെയ്ത കുറ്റം എന്തെന്നോ ഇവര്‍ക്കെതിരായ തെളിവുകളോ എന്തെന്ന് ഇത് വരെയും ആരും വ്യക്തമാക്കിയിട്ടില്ല. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കം നിരവധി പേര്‍ കേസിനെ തള്ളിപ്പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പറയുന്നതാണോ മുഖ്യമന്ത്രി പറയുന്നതാണോ ശരിയെന്നും എംകെ മുനീര്‍ ചോദിച്ചു. രണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നും സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും ആണ് അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയത്. നിയമസഭയില്‍ സംസാരിച്ചത് പിണറായി വിജയനാണോ നരേന്ദ്രമോദിയാണോയെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി പിടിവാശി കളയണം. ഗവര്‍ണറുടെ കാലുപിടിക്കുന്നതിനേക്കാള്‍ ഭേദമാണ് അമിത് ഷായുടെ കാലുപിടിക്കുന്നത്. മാവോയിസ്റ്റുകളെ ന്യായീകരിക്കുന്നില്ല. പക്ഷെ സര്‍ക്കാര്‍ സമീപനം ശരിയല്ല. ഈ സര്‍ക്കാരിന്റെ കാലത്ത് ഏഴു മാവോയിസ്റ്റുകളെയാണ് വെടിവെച്ച് കൊന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ ഈ യുവാക്കളുടെ വീട് സന്ദര്‍ശിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com