ഇനി തട്ടുകട നടത്താനും പരീക്ഷ;പാസായില്ലെങ്കില്‍ ലൈസന്‍സ് പോകും

ഇനി തട്ടുകട നടത്താനും പരീക്ഷ. പാസായി സര്‍ട്ടിഫിക്കറ്റ് എടുത്തില്ലെങ്കില്‍ ഉള്ള കടയുടെ ലൈസന്‍സ് അടുത്തവര്‍ഷം മുതല്‍ റദ്ദാക്കും.
ഇനി തട്ടുകട നടത്താനും പരീക്ഷ;പാസായില്ലെങ്കില്‍ ലൈസന്‍സ് പോകും

കൊച്ചി: ഇനി തട്ടുകട നടത്താനും പരീക്ഷ. പാസായി സര്‍ട്ടിഫിക്കറ്റ് എടുത്തില്ലെങ്കില്‍ ഉള്ള കടയുടെ ലൈസന്‍സ് അടുത്തവര്‍ഷം മുതല്‍ റദ്ദാക്കും. റസ്റ്റോറന്റ്, ബേക്കറി, കേറ്ററിങ് സ്ഥാപനങ്ങള്‍, ശീതളപാനീയവും കുപ്പിവെള്ളവും ഉള്‍പ്പെടെ നിര്‍മിക്കുന്ന ഭക്ഷ്യോല്‍പാദന യൂണിറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഉടമകളോ ജീവനക്കാരില്‍ ഒരാളോ പരീക്ഷ പാസാകണം. കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയാണു (എഫ്എസ്എസ്എഐ) പരീക്ഷ നടത്തുന്നത്. എല്ലാ ജില്ലകളിലും പരീക്ഷ തുടങ്ങിക്കഴിഞ്ഞു. പുതിയ അപേക്ഷകര്‍ക്ക് ഇതനുസരിച്ചാണു ലൈസന്‍സ് നല്‍കുന്നത്.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടാകും ചോദ്യങ്ങള്‍. എണ്ണ എത്ര മണിക്കൂര്‍ പാചകം കഴിഞ്ഞാല്‍ മാറ്റണം ? നിറത്തിനും രുചിക്കും രാസവസ്തുക്കള്‍ ചേര്‍ത്താലുള്ള ശിക്ഷ? പാല്‍ കവറോടെ ചായപ്പാത്രത്തിനു മുകളില്‍വച്ചു ചൂടാക്കുന്നതു കുറ്റമാണോ? പാചകം ചെയ്തതും ചെയ്യാത്തതുമായ വെജ്, നോണ്‍ വെജ് ഭക്ഷണസാധനങ്ങള്‍ എങ്ങനെ സൂക്ഷിക്കണം?-ഇത്തരത്തിലുള്ളതാകും ചോദ്യങ്ങള്‍

എഴുതാന്‍ അറിയില്ലെങ്കില്‍ ഉത്തരം പറഞ്ഞു കേള്‍പ്പിക്കാം. സ്ഥാപനത്തില്‍ 25 ജീവനക്കാരെങ്കില്‍ 2 പേരും അതിലേറെയെങ്കില്‍ 3 പേരും പരീക്ഷ പാസാകണം. റസ്റ്റോറന്റ് എങ്കില്‍ പാചകക്കാര്‍ തന്നെ വേണം. വന്‍കിട സ്ഥാപനങ്ങളില്‍ നിന്നു പാചകക്കാര്‍ക്കു പുറമേ സൂപ്പര്‍വൈസറും പങ്കെടുക്കണം. ഇവര്‍ മറ്റുള്ളവര്‍ക്കു പരിശീലനം നല്‍കണം.

ബേസിക്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ 2 തരം പരീക്ഷയുണ്ട്. തട്ടുകടക്കാര്‍ക്കും ചെറുകിട ശീതളപാനീയ കച്ചവടക്കാര്‍ക്കും ബേസിക് പരീക്ഷ മതി. ഭക്ഷണം വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്കും വ്യവസ്ഥകള്‍ ബാധകം. പരീക്ഷയ്ക്കു മുന്നോടിയായി എഫ്എസ്എസ്എഐ സംസ്ഥാന ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുമായി ചേര്‍ന്ന് ഒരു ദിവസത്തെ ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ (ഫോസ്ടാക്) പരിശീലനം നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com