'കെ എം മാണി അനിഷേധ്യന്‍', സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്‌നമില്ല, അനിവാര്യമെന്ന് തോമസ് ഐസക്

കേരള രാഷ്ട്രീയത്തില്‍ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ എം മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്
'കെ എം മാണി അനിഷേധ്യന്‍', സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്‌നമില്ല, അനിവാര്യമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ എം മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്‌നമില്ല. സ്മാരകം അനിവാര്യമാണെന്നും തോമസ് ഐസക് പറഞ്ഞു. കെ എം മാണിയുടെ പേരില്‍ സ്മാരകം പണിയുന്നതിന് ബജറ്റില്‍ അഞ്ചുകോടി അനുവദിച്ചത് കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് തോമസ് ഐസകിന്റെ പ്രതികരണം.

കെ എം മാണി അനിഷേധ്യനായ നേതാവാണ്. സിപിഎം അംഗീകരിക്കുന്നില്ലെങ്കിലും മാണിയെ ആദരിക്കുന്ന ജനവിഭാഗം കേരളത്തിലുണ്ട്.സ്മാരകത്തിന് അഞ്ചുകോടി അനുവദിച്ചതില്‍ തെറ്റില്ല. അത് സര്‍ക്കാരിന്റെ ചുമതലയാണെന്നും തോമസ് ഐസക് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെ എം മാണിക്ക് സ്്മാരകം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയത് എന്ന തരത്തില്‍ പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ഐസകിന്റെ വാക്കുകള്‍.

അതേസമയം, കേരളത്തില്‍ ദീര്‍ഘകാലം മന്ത്രിയും എംഎല്‍എയുമായിരുന്ന ഒരാള്‍ക്ക് വേണ്ടി സ്മാരകം പണിയുന്നതിന് ബജറ്റില്‍ തുക അനുവദിച്ചതില്‍ തെറ്റില്ലെന്ന് സിപിഐ വ്യക്തമാക്കി. സ്മാരകം പണിയാന്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാണി ഫൗണ്ടേഷന്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. ഇത് കണക്കിലെടുത്താണ് പണം അനുവദിച്ചത്. ഇതില്‍ ഒരു അനൗചിത്യവുമില്ലെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

'മരിച്ചു പോയ ഒരു നേതാവിന് വേണ്ടി അങ്ങനെയൊരു സ്മാരകം പണിയണമെന്ന് തോന്നിയതില്‍ ഒരു തെറ്റുമില്ല. ഇന്ത്യയുടെ ഒരു സിസ്റ്റം അനുസരിച്ച് മരണത്തോട് കൂടി അവരുടെ പാപം ഒക്കെ തീരുകയാണ്. അതിനകത്ത് വലിയ കാര്യം കാണേണ്ടതില്ല. ദീര്‍ഘകാലം മന്ത്രിയും ഒരേ മണ്ഡലത്തില്‍ തന്നെ 50 കൊല്ലക്കാലം എംഎല്‍എയായും സേവനം അനുഷ്ഠിച്ച വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പേരില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന് പണം ചോദിച്ചപ്പോള്‍ കൊടുത്തു. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ് തുക അനുവദിച്ചത്. ആ സന്ദര്‍ഭത്തിലും പണം അനുവദിച്ചു എന്നത് ഒരു നല്ലവശമാണ്. ഇതിനെ ഒരു ആദരവായി കണ്ടാല്‍ മതി. പിന്നെ ഇക്കാര്യത്തിലൊക്കെ മുന്‍ഗണന തീരുമാനിക്കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്'-പ്രകാശ് ബാബു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com