'പിണറായിക്ക് മൂന്ന് ചങ്ക്, ജനങ്ങളുടെ കണ്ണുനീര്‍ കണ്ടു'; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് എല്‍ഡിഎഫ് സര്‍ക്കാരിന്; പ്രകീര്‍ത്തിച്ച് മലയക്കുരിശ് ദയറാ തലവന്‍ (വീഡിയോ)

പ്രതിസന്ധി ഘട്ടത്തിലും സഭയുടെ കണ്ണുനീര്‍ കാണുവാനും മനുഷ്യത്വം തിരിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയന് സാധിച്ചെന്നും യാക്കോബായ സമ്മേളനത്തില്‍ കുര്യാക്കോസ് മോര്‍ ദീയക്കോറസ് പറഞ്ഞു
'പിണറായിക്ക് മൂന്ന് ചങ്ക്, ജനങ്ങളുടെ കണ്ണുനീര്‍ കണ്ടു'; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് എല്‍ഡിഎഫ് സര്‍ക്കാരിന്; പ്രകീര്‍ത്തിച്ച് മലയക്കുരിശ് ദയറാ തലവന്‍ (വീഡിയോ)

കൊച്ചി: പളളികളിലെ ഇടവകാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അവകാശം നല്‍കുന്ന ഓര്‍ഡിനന്‍സ് ഇറക്കിയ പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന മലയക്കുരിശ് ദയറാ തലവന്‍ കുര്യാക്കോസ് മോര്‍ ദീയക്കോറസിന്റെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള സര്‍ക്കാരിനായിരിക്കും വോട്ട്. പ്രതിസന്ധി ഘട്ടത്തിലും സഭയുടെ കണ്ണുനീര്‍ കാണുവാനും മനുഷ്യത്വം തിരിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയന് സാധിച്ചെന്നും യാക്കോബായ സമ്മേളനത്തില്‍ കുര്യാക്കോസ് മോര്‍ ദീയക്കോറസ് പറഞ്ഞു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

'ഞാന്‍ ഒരു കാര്യം ഉറപ്പിച്ച് പറയുന്നു.ആരും തെറ്റിദ്ധരിക്കരുത്. അടുത്ത തെരഞ്ഞെടുപ്പില്‍ എന്റെ പഞ്ചായത്തിന്റെയും എന്റെയും എല്ലാ വോട്ടുകളും പോകുന്നത് പിണറായി വിജയന്‍ അധ്യക്ഷനായുളള സര്‍ക്കാരിന് ആയിരിക്കും. അത് ഞാന്‍ കമ്യൂണിസ്റ്റ് ആകുന്നതുകൊണ്ടല്ല. സാധാരണ രാഷ്ട്രീക്കാരും നാട്ടുകാരും പറയുന്നത് അദ്ദേഹം ഇരട്ടച്ചങ്കന്‍ എന്നാണ്. എനിക്ക് സംശയം അദ്ദേഹത്തിന് മൂന്ന് ചങ്കുണ്ടോ എന്നാണ്. ഇത്രമാത്രം പ്രതിസന്ധി വന്നിട്ടും എല്ലാവരും ചേര്‍ന്ന് വളഞ്ഞിട്ട് ഉപദ്രവിച്ചപ്പോഴും ഈ സഭയിലെ ജനങ്ങളുടെ കണ്ണുനീര്‍ കാണുവാനും മനുഷ്യത്വം തിരിച്ചറിയാനും അദ്ദേഹത്തിന് സാധിച്ചു എന്നത് വലിയ കാര്യമാണ്.' -കുര്യാക്കോസ് മോര്‍ ദീയക്കോറസ് പറയുന്നു.

'കോണ്‍ഗ്രസുകാര്‍ എന്നോട് പരിഭവിച്ചിട്ട് കാര്യമില്ല. പരിഭവം കൊണ്ട് ബുദ്ധിമുട്ടുമില്ല. കാരണം തന്റെ സഹോദരങ്ങള്‍ ശവക്കോട്ടയുടെ മതിലു ചാടി കടന്ന് അടക്കിയപ്പോള്‍ ചര്‍ച്ച ചെയ്യണമായിരുന്നു എന്ന് പറഞ്ഞവരാണ് ഈ നേതാക്കന്മാര്‍'- ഇത്തരത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതുമാണ് മലയക്കുരിശ് ദയറാ തലവന്റെ വാക്കുകള്‍.

'നമുക്ക് സഹായം ചെയ്യുന്നവരോട് കൂടെ നില്‍ക്കുവാന്‍ സഭയ്ക്ക് സാധിച്ചില്ലായെങ്കില്‍ അത് നന്ദിക്കേടായിരിക്കും. അണ്ണാന്‍കുഞ്ഞ് വെളളത്തില്‍ വീണത് പോലെ വെളളത്തില്‍ കിടന്ന് ശവപ്പെട്ടിയുമായി 38 ദിവസം സഭയുടെ വൈദികര്‍ നോക്കിയിരുന്നപ്പോള്‍ അത് കാണുവാന്‍ സാധിച്ചില്ല. എന്നാല്‍ സംസ്‌കരിക്കാനുളള അവകാശം തന്ന ഓര്‍ഡിനന്‍സ്, അത് ബില്ലായി സംസ്ഥാനത്ത് തന്നെ ചര്‍ച്ചയ്ക്ക്് വന്നപ്പോള്‍ അതിന്മേല്‍ അഭിപ്രായവ്യത്യാസം പറയുന്ന അത്ര മാത്രം മനുഷ്യത്വമില്ലായയ്മയോട് ചേരുവാന്‍ നമുക്ക് സാധിക്കില്ല'- കുര്യാക്കോസ് മോര്‍ ദീയക്കോറസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com