സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; നടി ലീന മരിയ പോളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്, ഒളിവില്‍

സിബിഐ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഹൈദരാബാദിലെ വ്യവസായില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ലീന മരിയ പോളിനെ പ്രതിയാക്കി സിബിഐ കേസെടുത്തു
സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; നടി ലീന മരിയ പോളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്, ഒളിവില്‍

കൊച്ചി: സിബിഐ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഹൈദരാബാദിലെ വ്യവസായില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ലീന മരിയ പോളിനെ പ്രതിയാക്കി സിബിഐ കേസെടുത്തു. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ലീന മരിയ പോള്‍ ഒളിവിലാണെന്ന് സിബിഐ പറയുന്നു. തുടര്‍ന്ന് ലീനയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിനെ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സമീപിച്ച് പണം തട്ടാന്‍ ശ്രമിച്ചു എന്ന കേസിലാണ് ലീന മരിയ പോളിനെ പ്രതി ചേര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന്റെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ സമീപിച്ച് കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടാന്‍ ശ്രമിച്ചു എന്നതാണ് കേസ്. ഇതിനായി സിബിഐയുടെ ഡല്‍ഹിയിലെ ഓഫീസ് നമ്പര്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ദുരുപയോഗം ചെയ്തതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

ഹൈദരാബാദ് സ്വദേശി മണിവര്‍ണന്‍ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജ്, അര്‍ച്ചിത് എന്നിവരെ സിബിഐ കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലീന മരിയ പോളിന്റെ പങ്ക് വെളിപ്പെട്ടത്.ലീന മരിയ പോളും അവരുടെ ജീവനക്കാരനായ അര്‍ച്ചിതും ചേര്‍ന്നാണ് പണം തട്ടാന്‍ ശ്രമിച്ചതെന്നാണ് മറ്റു പ്രതികള്‍ സിബിഐക്ക് മൊഴി നല്‍കിയത്. ഇതുസംബന്ധിച്ച് മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുളള നിര്‍ണായക തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ട്. റെയ്ഡ് നടന്നപ്പോള്‍ കൊച്ചിയില്‍ ഉണ്ടായിരുന്ന ലീന അറസ്റ്റ് ഭയന്ന് ഒളിവിലാണ് എന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കൊച്ചിയിലെ ഓഫീസില്‍ സിബിഐ നോട്ടീസ് പതിപ്പിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് ലീനയ്‌ക്കെതിരെ സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.  കൊച്ചിയിലെ ലീനയുടെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ് കേസില്‍ ക്രുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ സംഘാംഗങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com