'ബിജെപി തോല്‍ക്കട്ടെ, ഇന്ത്യ ജയിക്കട്ടെ' ; ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്‌ഐ; ട്രോള്‍മഴ

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം സിപിഎമ്മിന്റെ വോട്ട് വിഹിതം 0.01 ശതമാനമാണ്
'ബിജെപി തോല്‍ക്കട്ടെ, ഇന്ത്യ ജയിക്കട്ടെ' ; ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്‌ഐ; ട്രോള്‍മഴ

തിരുവനന്തപുരം: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട ഡിവൈഎഫ്‌ഐയ്‌ക്കെതിരെ ട്രോള്‍ പ്രവാഹം. ഡല്‍ഹിയില്‍ സിപിഎമ്മിന്റെ ദയനീയ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ട്രോളുകളെല്ലാം. 'ബിജെപി തോല്‍ക്കട്ടെ, ഇന്ത്യ ജയിക്കട്ടെ'. ഡല്‍ഹി  വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഡിവൈ എഫ്‌ഐയുടെ പോസ്റ്റ്. രണ്ടായിരത്തിലേറെ കമന്റുകളാണ് ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചത്. ഇതില്‍ ഭൂരിഭാഗവും സിപിഎമ്മിനെ ട്രോളിക്കൊണ്ടുള്ളതാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം സിപിഎമ്മിന്റെ വോട്ട് വിഹിതം 0.01 ശതമാനമാണ്. സിപിഐയുടേത് 0.02 ശതമാനവും. നോട്ടയ്ക്ക് 0.46 ശതമാനം വോട്ടുകള്‍ ലഭിച്ചു. ആറ് മണ്ഡലങ്ങളില്‍ നിന്നായി ഇരുപാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് ആകെ 3,190 വോട്ടുകളാണ്. എല്ലായിടത്തും കെട്ടിവെച്ച പണം നഷ്ടമായി.

ബവാനയിലെ സിപിഐ സ്ഥാനാര്‍ത്ഥി അബിപ്‌സ ചൗഹാന്‍ 1104 വോട്ടുകളാണ് നേടിയത്. വാസിര്‍പൂര്‍ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി നാഥു റാം 139 വോട്ടുകളും, പാലം മണ്ഡലത്തില്‍ സിപിഐയുടെ ദിലീപ് കുമാര്‍ 404 വോട്ടുകളും നേടി. ബഥര്‍പൂര്‍ മണ്ഡലത്തിലെ സിപിഎമ്മിന്റെ ജഗദീഷ് ചന്ദ് 420 വോട്ടുകളാണ് നേടിയത്. ഈ സീറ്റുകളിലെല്ലാം ആം ആദ്മി പാര്‍ട്ടിയാണ് വിജയിച്ചത്.

ദയനീയ പ്രകടനം നടത്തിയ സിപിഎമ്മിന് ബിജെപിയെ വിമര്‍ശിക്കാന്‍ എന്തവകാശമാണ് ഉള്ളതെന്നാണ് ഡിവൈഎഫ്‌ഐയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റുകള്‍ നിറയുന്നത്. ബിജെപിയുടെ പരാജയം മറയ്ക്കാന്‍ സിപിഎമ്മിന്റെ വോട്ട് വിഹിതം ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സിപിഎമ്മിന് പരമ്പരാഗതമായി സ്വാധീനമില്ലാത്ത ഡല്‍ഹി പോലൊരു സ്ഥലത്തെ വോട്ട് ചൂണ്ടിക്കാട്ടി ബിജെപിയുടെ പരാജയം മറയ്ക്കാനാവില്ലെന്നാണ് മറുപക്ഷം തിരിച്ചടിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com