ഇന്ന് മൂന്ന് ജില്ലകളില്‍ കടുത്ത ചൂടിന് സാധ്യത, സാധാരണ താപനിലയെക്കാള്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം; ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2020 07:03 AM  |  

Last Updated: 14th February 2020 07:06 AM  |   A+A-   |  

 

കൊച്ചി: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന്( വെളളിയാഴ്ച) താപനില സാധാരണ താപനിലയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പൊതുവെ സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനിയിലെ കണക്കനുസരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് താപനില ഉയരുന്നത്. വിവിധയിടങ്ങളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ കൂടുന്ന സാഹചര്യമുള്ളതിനാല്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്ന ഘടകമാണ്.

ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും വെള്ളം കയ്യില്‍ കരുതുകയും വേണം. മദ്യം പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ  മുന്നറിയിപ്പില്‍ പറയുന്നു.