കരുണ ഫൗണ്ടേഷന്‍ പിരിച്ചെടുത്ത പണം എവിടെ? മുഖ്യമന്ത്രിക്ക് രാജ​ഗോപാലിന്റെ കത്ത്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 14th February 2020 10:26 PM  |  

Last Updated: 14th February 2020 10:26 PM  |   A+A-   |  

o_rajagopal

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കെന്ന് പറഞ്ഞ് സ്വരൂപിച്ച പണം കരുണ ഫൗണ്ടേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ലെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഒ രാജഗോപാല്‍ എംഎൽഎ. ഇക്കാര്യം ചൂണ്ടിക്കാട്ടി അ​ദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു.

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി കരുണ ഫൗണ്ടേഷന്‍ കൊച്ചിയില്‍ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്ന് സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടില്ലെന്നാണ് ആരോപണം. നവംബര്‍ ഒന്നിനാണ് കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഗീത പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ സ്വരൂപിച്ച പണം ഇതുവരെയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. സംഭവത്തില്‍ ഈ സംഘടനയെക്കുറിച്ചും ഫണ്ടിനെക്കുറിച്ചും അടിയന്തിരമായ അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കണമെന്ന് ഒ രാജഗോപാല്‍ കത്തിൽ ആവശ്യപ്പെട്ടു.

കത്തിന്റെ പകര്‍പ്പ് ഒ രാജഗോപാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അതിനൊപ്പം ഒരു കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ രൂപം

നാട് പ്രളയത്തിൽ വിറങ്ങലടിച്ച് നിന്നപ്പോൾ...പരസ്പര സഹായഹസ്തവുമായി നാട് മുഴുവനും നെട്ടോട്ടം ഓടിയപ്പോൾ...ഇതിന്റെ മറവിൽ ഇങ്ങനെയും തട്ടിപ്പ് നടക്കുകയായിരുന്നോ ??? കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക......