അനധികൃത സ്വത്ത് സമ്പാദനം; മുൻ മന്ത്രി വിഎസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണം

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വിഎസ് ശിവകുമാർ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണം
അനധികൃത സ്വത്ത് സമ്പാദനം; മുൻ മന്ത്രി വിഎസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വിഎസ് ശിവകുമാർ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ​ഗവർണറെ സമീപിച്ചിരുന്നു. ​ഗവർണറുടെ അനുമതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി. 

മന്ത്രിയായിരുന്ന കാലത്ത് ശിവകുമാർ അനധികൃതമായി സ്വത്തുകൾ സമ്പാദിച്ചതായി ആക്ഷേപമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുകയും ചെയ്തതോടെയാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദ​ഗതി പ്രകാരം അന്വേഷണവുമായി മുന്നോട്ട് പോകാൻ ​ഗവർണറുടെ അനുമതി വേണം. ഇതേത്തുടർന്നാണ് വിജിലൻസ് അധികൃതർ ​ഗവർണറെ സമീപിച്ചത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സോളാർ അഴിമതിക്കൊപ്പം ഉയർന്നു വന്ന ആരോപണമായിരുന്നു ശിവകുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും. ന​ഗരത്തിൽ ചില സ്ഥാപനങ്ങൾ അദ്ദേഹം വാങ്ങിയെന്ന ആക്ഷേപങ്ങൾ വലിയ തോതിൽ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയും ലഭിച്ചത്. പരാതികളിൽ കഴമ്പുണ്ടെന്ന് പ്രഥമദ‌ൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന അന്ന് മുതൽ ഇത്തരത്തിലുള്ള വ്യാജ അന്വേഷണം നടത്തുന്ന സാഹചര്യമാണ് ഉള്ളതെന്ന് വിഎസ് ശിവകുമാർ പ്രതികരിച്ചു. പരാതിക്കാരനില്ലാത്ത ഒരു പരാതിയുടെ പേരിലാണ് ഇപ്പോൾ അന്വേഷണം നടത്താൻ അനുമതി നൽകിയിരിക്കുന്നത്. ഇതേ പേരിലുള്ള പരാതി നേരത്തെ വന്നിരുന്നു. അന്ന് ഇത് അന്വേഷിച്ച വിജിലൻസ് പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും ശിവകുമാർ പറഞ്ഞു. 

അതേ പരാതിക്കാരൻ ഇപ്പോൾ വീണ്ടും വരുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. ​ഗൂഢാലോചനയുടെ ഫലമായാണ് ഇപ്പോൾ അന്വേഷിക്കാനുള്ള നടപടിയെടുത്തത്. ഒന്നോ രണ്ടോ തവണ അന്വേഷിച്ച് താൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും ശിവകുമാർ വ്യക്തമാക്കി. 

എന്തായാലും ഇപ്പോഴത്തെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നു. പൊതുരം​ഗത്ത് മാന്യമായി പ്രവർത്തിക്കുന്നവരെ തേജോവധം ചെയ്യാനുള്ള നടപടികൾ കഴിഞ്ഞ കുറച്ച് കാലമായി നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആശുപത്രി സ്വന്തമായി വാങ്ങി എന്നതടക്കമുള്ള ആരോപണങ്ങളാണ് തനിക്കെതിരെ ഉയർന്നതെന്നും ഇതെല്ലാം തെളിയിക്കാനുള്ള അവസരമായി അന്വേഷണത്തെ കാണുകയാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com