പൊലീസ് വകുപ്പിനെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ : ആഭ്യന്തര സെക്രട്ടറിയോട് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

നേരത്തേ ചട്ടപ്രകാരം സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചാല്‍ മതിയെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്
പൊലീസ് വകുപ്പിനെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ : ആഭ്യന്തര സെക്രട്ടറിയോട് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പൊലീസ് വകുപ്പിലെ അഴിമതികളെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ അന്വേഷണത്തിന് സര്‍ക്കാര്‍. സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്ക് നിര്‍ദേശം നല്‍കി. പൊലീസുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ക്രമക്കേട് നടന്നോ എന്ന് അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇന്നോ നാളെയോ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.  

സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും ആരോപണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരുന്നത്. സിപിഎമ്മും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതിന് മുമ്പ് തന്നെ പി ടി തോമസ് എംഎല്‍എ പൊലീസിലെ ക്രമക്കേടുകളെക്കുറിച്ച് സഭയില്‍ ചോദ്യമുന്നയിച്ചതും, മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കിട്ടിയതും സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതിന് തെളിവാണെന്നും സിപിഎം ആരോപിച്ചിരുന്നു. എന്നാല്‍ വിമര്‍ശനവും ആരോപണങ്ങളും ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

നേരത്തേ ചട്ടപ്രകാരം സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചാല്‍ മതിയെന്ന നിലപാടായിരുന്നു സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചത്. ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. വെടിയുണ്ടകള്‍ കാണാതാകുന്ന സംഭവം രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. സിഎജി റിപ്പോര്‍ട്ടിനെ തള്ളുന്ന തരത്തില്‍ ചീഫ് സെക്രട്ടറിയും പരസ്യപ്രതികരണവുമായി രംഗത്തെത്തി. സിഎജിയെ സംശയത്തിന്റെ നിഴലിലാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.

എന്നാല്‍ ഏറെ പഴികേട്ട ഡിജിപി ലോക്‌നാഥ് ബെഹ്‌റ പരസ്യപ്രതികരണത്തിന് തയ്യാറായിരുന്നില്ല. തോക്കുകളും ഉണ്ടകളും കാണാതായതിനെക്കുറിച്ചും, ചില ഉണ്ടകള്‍ക്ക് പകരം ഡമ്മി ഉണ്ടകള്‍ വച്ചതിനെക്കുറിച്ചും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിന്‍ തച്ചങ്കരിയെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു. തോക്കുകള്‍ കാണാതായിട്ടില്ലെന്നും, മണിപ്പൂരില്‍ പരിശീലനത്തിന് പോയ പൊലീസുകാരുടെ പക്കലാണ് കാണാതായി എന്ന് പറയപ്പെടുന്ന തോക്കുകളുള്ളതെന്നും, പരിശോധനയ്ക്ക് ശേഷം തച്ചങ്കരി വ്യക്തമാക്കിയിരുന്നു. വെടിയുണ്ടകള്‍ കാണാതായതില്‍ അന്വേഷണം നടന്ന് വരികകയാണെന്നും എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും തച്ചങ്കരി പറഞ്ഞു.

എന്നാല്‍ വാഹനങ്ങള്‍ വാങ്ങിയതും, എസ്‌ഐ-എഎസ്‌ഐമാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് ഫണ്ട് വകമാറ്റി ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ പണിതതും ഇതുവരെ അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടില്ല. നേരത്തേ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിത്തുടങ്ങിയ വിഴിഞ്ഞം പദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന സിഎജി റിപ്പോര്‍ട്ടില്‍ ഇടത് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. സംസ്ഥാനസര്‍!ക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍പ്പോര, പകരം കേന്ദ്ര ഏജന്‍സി തന്നെയാണ് ഇത് അന്വേഷിക്കേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

സിഎജിയുടെ കണ്ടെത്തലിന്മേല്‍ ആഭ്യന്തര സെക്രട്ടറിയെ അന്വേഷിക്കാന്‍ നിയോഗിച്ചതിനെ പിടി തോമസ് എംഎല്‍എ പരിഹസിച്ചു. എസ്‌ഐക്ക് എതിരായ കേസ് കോണ്‍സ്റ്റബിള്‍ അന്വേഷിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരായ സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആഭ്യന്തരസെക്രട്ടറി അന്വേഷിക്കുന്നത് എന്നാണ് പി ടി തോമസ് അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com