പ്രാർത്ഥനകൾ വിഫലം ; ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 28th February 2020 07:51 AM  |  

Last Updated: 28th February 2020 07:53 AM  |   A+A-   |  

 

കൊല്ലം: കേരളം ഒന്നടങ്കം നടത്തിയ പ്രാർത്ഥനകൾ വിഫലമായി. കൊല്ലത്ത് നിന്ന് കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തു. വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മുങ്ങൽ വിദ​ഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.  പുഴയിൽ  കുറ്റിക്കാടിനോട് ചേർന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. 

ഇന്നലെ രാവിലെയാണ് ദേവനന്ദയെ കാണാതായത്. കുട്ടിയെ കണ്ടെത്തുന്നതിനായി ചാത്തന്നൂര്‍ എസിപിയുടെ നേത്യത്വത്തില്‍ പ്രത്യേക സംഘം  അന്വേഷണം രൂപീകരിച്ച് സംസ്ഥാനമൊട്ടാകെ തിരച്ചിൽ ആരംഭിച്ചിരുന്നു. സൈബര്‍ വിദഗ്ധരടക്കം 50 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജില്ലാ, സംസ്ഥാന അതിര്‍ത്തികളില്‍ തിരച്ചില്‍ കര്‍ശനമാക്കിയ പൊലീസ് ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനിലും ശക്തമായ തിരച്ചിൽ നടത്തിവരികയായിരുന്നു. 

വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകില്‍ തുണി അലക്കുകയായിരുന്ന ഇവര്‍ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെയാണ് വീടിന്റെ മുന്‍വശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നനിലയിലുമായിരുന്നു. തുടര്‍ന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കണ്ടില്ല. ഇതോടെയാണ് ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചത്. പ്രദീപിന്റെ വീട്ടില്‍നിന്ന് മണംപിടിച്ച പൊലീസ് നായ പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങി. ഈ ഭാഗത്തും പൊലീസ് വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.