തീര്‍ത്ഥപാദമണ്ഡപവും 65സെന്റും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥരെത്തി; തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; അറസ്റ്റ്; സംഘര്‍ഷാവസ്ഥ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 29th February 2020 10:25 PM  |  

Last Updated: 29th February 2020 10:25 PM  |   A+A-   |  

 

തിരുവനന്തപുരം: വിദ്യാദിരാജ ട്രസ്റ്റിന് കീഴിലുള്ള തീര്‍ത്ഥപാദ മണ്ഡപത്തിനോടനുബന്ധിച്ചുള്ള 65 സെന്റെ സ്ഥലം തിരിച്ചെടുക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. സ്ഥലത്തുള്ള ക്ഷേത്രം മാത്രം വിദ്യാധിരാജയ്ക്ക് വിട്ടുനല്‍കും. പൊലീസും റവന്യൂ ഉദ്യോഗസ്ഥരുമെത്തി തീര്‍ത്ഥപാദ മണ്ഡപം സീല്‍ ചെയ്തു. 

ഉദ്യോഗസ്ഥരെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത്‌നീക്കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. 

തീര്‍ത്ഥപാദമണ്ഡപത്തിലെ 65സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് മുന്‍പാണ് ഇവിടെ സാംസ്‌കാരിക സമുച്ചയം പണിയാന്‍ തീരുമാനിച്ചത്. നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി വിധി അനുകൂലമാകുമെന്നാണ് വിദ്യാധിരാജ സഭയുടെ വിശദീകരണം.

തര്‍ക്ക സ്ഥലമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സ്ഥലത്താണ് ചട്ടമ്പിസ്വാമിയുടെ സ്മാരകം നിര്‍മ്മിക്കാനുള്ള നീക്കം നടക്കുന്നത്. തീര്‍ത്ഥപാദമണ്ഡപം ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് 2109ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.