ദിവസവും മുത്തപ്പക്ഷേത്രത്തിലെത്തും; ദര്‍ശനത്തിനെത്തുന്ന കുട്ടികളുടെ സ്വര്‍ണം കവരും; മൂന്ന് വര്‍ഷത്തിനിടെ യുവതി സമ്പാദിച്ചത് ലക്ഷങ്ങള്‍

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍വച്ച് കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന  യുവതി മൂന്നുവര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചത്  ലക്ഷങ്ങള്‍
ദിവസവും മുത്തപ്പക്ഷേത്രത്തിലെത്തും; ദര്‍ശനത്തിനെത്തുന്ന കുട്ടികളുടെ സ്വര്‍ണം കവരും; മൂന്ന് വര്‍ഷത്തിനിടെ യുവതി സമ്പാദിച്ചത് ലക്ഷങ്ങള്‍

കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍വച്ച് കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലായ  യുവതി മൂന്നുവര്‍ഷത്തിനുള്ളില്‍ നിരവധി കവര്‍ച്ചകളിലൂടെ സമ്പാദിച്ചത്  ലക്ഷങ്ങള്‍. പാനൂര്‍ മേലെ ചമ്പാട് വാടകക്ക് താമസിക്കുന്ന ഷംന ബിജുവിനെ (38) ചോദ്യംചെയ്തപ്പോഴാണ്  മൂന്നുവര്‍ഷത്തിനുള്ളില്‍ നടന്ന നിരവധി കവര്‍ച്ചകളിലെ പങ്കാളിത്തം വ്യക്തമായത്.  

മുത്തപ്പന്‍ ക്ഷേത്രത്തിലെത്തിയ ചാലക്കുടി, കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികളുടെ  സ്വര്‍ണാഭരണം കവര്‍ന്നതിന്  26ന് അറസ്റ്റിലായ ഷംനയെ തിങ്കളാഴ്ചയാണ് തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെന്ന വ്യാജേനയെത്തിയാണ് കവര്‍ച്ചകള്‍ നടത്തിയതെന്ന്  ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ജില്ലക്ക് പുറത്തുള്ളവരുടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങളാണ് കൂടുതലും കവര്‍ന്നത്. മൂന്നുവര്‍ഷംമുമ്പേ കവര്‍ച്ച തുടങ്ങിയതായി പൊലീസ് പറഞ്ഞു. സ്വര്‍ണാഭരണം നഷ്ടപ്പെട്ടവരില്‍ ഭൂരിപക്ഷവും മറ്റ് ജില്ലകളില്‍നിന്നുള്ള തീര്‍ഥാടകരായതിനാല്‍ പൊലീസില്‍ പരാതിപ്പെടാതിരുന്നതിനാലാണ് പിടിയിലാകാതിരുന്നത്.
 
ഷംന പിടിയിലായെന്ന് അറിഞ്ഞതോടെ കതിരൂര്‍, കല്ലാച്ചി, തൊട്ടില്‍പാലം, ചെറുവത്തൂര്‍, കോഴിക്കോട്, കൊയിലാണ്ടി, എസ്‌റ്റേറ്റ്മുക്ക്, ബാലുശേരി എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ പരാതി നല്‍കി. കതിരൂരില്‍നിന്നുള്ളവരുടെ രണ്ടര പവന്റെ കാല്‍വള നഷ്ടപ്പെട്ടതായാണ് പരാതി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം തീര്‍ഥാടനത്തിനെത്തിയവരെന്ന വ്യാജേന മോഷണത്തിനിറങ്ങുന്നതിനാല്‍ ആരും സംശയിക്കാതിരുന്നത് ഷംനയ്ക്ക് സഹായമായി. മോഷണത്തെ തുടര്‍ന്ന് 26ന് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ്  ദൃശ്യങ്ങള്‍ ലഭിച്ചത്. മോഷണം നടന്ന ദിവസങ്ങളിലെല്ലാം സംശയകരമായ സാഹചര്യത്തില്‍  ക്ഷേത്രത്തില്‍ ഷംനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്ഷേത്രപരിസരത്തുനിന്നാണ് ഷംന പിടിയിലായത്. പാനൂരില്‍ ടെയ്‌ലറിങ് ഷോപ്പും ടെയ്‌ലറിങ് ഇന്‍സ്റ്റിറ്റിയൂട്ടും നടത്തുകയാണ് ഷംന. ഭര്‍ത്താവും മൂന്ന് മക്കളുമുണ്ട്.

കവര്‍ച്ചയിലൂടെ വന്‍ സമ്പാദ്യമുണ്ടാക്കിയ ഷംന ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.  കാര്‍, ഓട്ടോറിക്ഷ എന്നിവ വാങ്ങിയതായും  കണ്ടെത്തി. കവര്‍ച്ചാമുതലുകള്‍ പാനൂരിലെ ഒരു ജ്വല്ലറിയിലാണ് വില്‍പ്പന നടത്തിയിരുന്നത്. അന്വേഷണം പൂര്‍ത്തിയായാല്‍ പുതിയ പരാതികളിലും ഷംനയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ഷംനയെ വീണ്ടും റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com