പിണക്കം മാറ്റാന്‍ ആഭിചാരക്രിയയ്ക്ക് ശ്രമിച്ചു, റോയി ഭാരമായി തുടങ്ങി; പിന്നെ കണ്ടത് ജോളിയുടെ അതിവിദഗ്ധ പ്ലാനിങ്

ആഭിചാരക്രിയയ്ക്ക് വരെ തന്നെ പ്രേരിപ്പിച്ച റോയി ഇനിയുളള ജീവിതത്തില്‍ ഭാരമാകുമെന്ന് കണ്ട് ജോളി അതിവിദഗ്ധമായി ഒഴിവാക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം
പിണക്കം മാറ്റാന്‍ ആഭിചാരക്രിയയ്ക്ക് ശ്രമിച്ചു, റോയി ഭാരമായി തുടങ്ങി; പിന്നെ കണ്ടത് ജോളിയുടെ അതിവിദഗ്ധ പ്ലാനിങ്

കോഴിക്കോട്:  ആഭിചാരക്രിയയ്ക്ക് വരെ തന്നെ പ്രേരിപ്പിച്ച റോയി ഇനിയുളള ജീവിതത്തില്‍ ഭാരമാകുമെന്ന് കണ്ട് ജോളി അതിവിദഗ്ധമായി ഒഴിവാക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം. സ്ഥിരം മദ്യപാനിയും ജോലിക്ക് പോവാതെ ജോളിയുമായി വഴക്കിടുകയും ചെയ്യുന്ന ആളായിരുന്നു റോയി. അതിനാല്‍ തന്നെ വളരെ പെട്ടെന്ന് തന്നെ ജോളിക്ക് റോയി ഭാരമായി തുടങ്ങിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

താനും ഭാര്യയും പിണക്കത്തിലാണെന്ന് റോയി പലരെയും അറിയിച്ചിരുന്നു. ഇത് ആഭിചാരക്രിയയിലൂടെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുകയും ചെയ്തിരുന്നു. പക്ഷെ അവര്‍ തന്നെ റോയിയെ ഇതില്‍ നിന്നും പിന്‍തിരിപ്പിച്ചു. ഇതോടെ റോയി മറ്റു ചില ജോത്സ്യന്മാരെ സമീപിച്ചു. ഇതറിഞ്ഞ ജോളി എത്രയും പെട്ടെന്ന് റോയിയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.

റോയിയെ കൊന്നത് കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലക്കിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഭക്ഷണം കഴിച്ചില്ലെങ്കിലും വീട്ടില്‍ നിന്ന് വെള്ളം കുടിക്കുന്ന ശീലം റോയിക്കുണ്ട്. സംഭവം നടന്ന രാത്രി കുട്ടികളെ വീടിന്റെ മുകളിലെ മുറിയില്‍ ഉറക്കി കിടത്തിയ ശേഷമാണ് ജോളി താഴേക്ക് ഇറങ്ങിവന്ന് വിഷം കലക്കിയത്. റോയി മരിച്ച കാര്യം പിറ്റേന്ന് വീട്ടില്‍ പന്തലിട്ടപ്പോഴാണ് കുട്ടികള്‍ അറിഞ്ഞത്. ഹാര്‍ട്ട് അറ്റാക്കാണ് മരണകാരണമെന്നാണ് ജോളി മക്കളോട് പറഞ്ഞത്.  ഹാര്‍ട്ട് അറ്റാക്കാണെന്ന കാര്യം അവര്‍ തന്നെയാണ് എല്ലാവരേയും വിളിച്ചുപറഞ്ഞത്. താന്‍ മുട്ട പൊരിക്കുന്നതിനിടെയാണ് റോയി കുഴഞ്ഞുവീണു മരിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഭക്ഷണം കഴിച്ചശേഷം പാത്രങ്ങളെല്ലാം കഴുകിവച്ചനിലയിലായിരുന്നു. റോയിയെ ഒഴിവാക്കുന്നതിനും സ്വത്ത് തട്ടിയെടുക്കുന്നതിനും വേണ്ടിയായിരുന്നു കൊലപാതകങ്ങള്‍ എന്നും പൊലീസ് വ്യക്തമാക്കി.

റോയി തോമസ് വധക്കേസില്‍ മുഖ്യപ്രതി ഭാര്യ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം ഇന്നലെ സമര്‍പ്പിച്ചു. 1800 പേജുള്ള കുറ്റപത്രമാണ് താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും അടക്കം പത്ത് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 322 രേഖകളാണ് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ 246 സാക്ഷികളാണുള്ളത്.  റോയി വധക്കേസില്‍ ഡിഎന്‍എ ടെസ്റ്റ് അനിവാര്യമല്ലെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ എസ് പി കെ ജി സൈമണ്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com