ലോക കേരളസഭ ഭൂലോക തട്ടിപ്പ്; സിപിഎമ്മിന്റെ രാഷ്ട്രീയ പരിപാടി, പാര്‍ട്ടിക്ക് പണം നല്‍കുന്നവരെ വിളിച്ച് വിരുന്ന് നല്‍കുന്നു; വിമര്‍ശനവുമായി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2020 12:19 PM  |  

Last Updated: 02nd January 2020 12:19 PM  |   A+A-   |  

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തട്ടിപ്പിന് കൂട്ടുനില്‍ക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ലോക കേരളസഭ ബഹിഷ്‌കരിക്കുന്നതെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ വെല്ലുവിളിച്ച് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്ത് പ്രമേയം പാസാക്കി. പാര്‍ലമെന്റിലെ സ്വകാര്യ ബില്ലിന്റെ വില പോലും ഇല്ലാത്ത പ്രമേയമാണ് പാസാക്കിയത്. ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ നടപടി സ്വീകരിക്കുന്നവരുമായി സഹകരിക്കുന്നത് നല്ല സമീപനമല്ല എന്ന് കണ്ടുമാണ് ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

പണം ധൂര്‍ത്തടിച്ച് ഇത്തരത്തിലുളള മാമാങ്കങ്ങള്‍ സംഘടിപ്പിക്കുന്നതിന് പകരം നിലവിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുകയാണ് വേണ്ടത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുളള ഒരു നടപടിയും ലോക കേരളസഭ വഴി ഉണ്ടായിട്ടില്ല. കേരളം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ പ്രവാസികള്‍ക്ക് വേണ്ടി എന്തുനടപടിയാണ് ലോക കേരള സഭ വഴി സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലുളള പാര്‍ട്ടി നേതാക്കള്‍ക്ക് ഇവിടെ താമസിക്കാനുളള സംവിധാനമാണ് ലോക കേരളസഭ വഴി ഒരുക്കുന്നത്. ഇതൊരു സിപിഎം പരിപാടിയാണ്. പാര്‍ട്ടി പണം നല്‍കുന്നവരെ വിളിച്ച് വിരുന്ന് നല്‍കുകയാണ് ലോക കേരളസഭ വഴി ചെയ്യുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

തട്ടിപ്പിന് ഇരയാകുന്നവരാണ് പ്രവാസികള്‍. അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായി ബന്ധപ്പെട്ട് 52 കേസുകള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. കേവലം ഒന്‍പത് കേസുകളില്‍ മാത്രമാണ് നടപടിയെടുത്തത്. നിലവിലെ നിയമമനുസരിച്ച് അനധികൃത റിക്രൂട്ട്‌മെന്റ് തടയാനുളള നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന് പരിമിതികളുണ്ട്. അങ്ങനെയിരിക്കേ ലോക കേരളസഭയ്ക്ക് നിയമപരിരക്ഷ നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അനധികൃത തട്ടിപ്പിന് ഇരയായവരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വേണം. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ലോക കേരള സഭ നടത്തുന്നത് തട്ടിപ്പാണെന്നും മുരളീധരന്‍ ആരോപിച്ചു. പ്രവാസികളെ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണവുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രസര്‍ക്കാരെന്നും മുരളീധരന്‍ പറഞ്ഞു.

ശങ്കരനാരായണന്‍ ലോഞ്ച് പുതുക്കി പണിതാണ് ലോക കേരളസഭ നടത്തുന്നത്. ഇതിനായി 16 കോടിയാണ് ചെലവാക്കിയത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലാണ് എന്ന് പറയുമ്പോഴാണ് ഈ ധൂര്‍ത്ത്. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നില്ല എന്ന് ഒരു വശത്ത് പറയുമ്പോള്‍ തന്നെ മറുവശത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.  ലോക കേരളസഭ നടത്തുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്താണെന്നും മുരളീധരന്‍ ചോദിച്ചു.