സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; എസ്എന്‍ഡിപിയിലെ ഭിന്നത ബിഡിജെഎസിലേക്കും

ബിഡിജെഎസ് നേതാവ് സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു
സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; എസ്എന്‍ഡിപിയിലെ ഭിന്നത ബിഡിജെഎസിലേക്കും

ആലപ്പുഴ: ബിഡിജെഎസ് നേതാവ് സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനുമായുളള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് രാജി.രാജിക്കത്ത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു.

2018ലാണ് സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡിന്റെ തലപ്പത്ത് വരുന്നത്. എസ്എന്‍ഡിപി യോഗത്തില്‍ സുഭാഷ് വാസുവും വെളളാപ്പളളി നടേശനും തമ്മിലുളള അഭിപ്രായഭിന്നത അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുഭാഷ് വാസു നേതൃത്വം നല്‍കുന്ന
മാവേലിക്കര യൂണിയന്‍ വെള്ളാപ്പള്ളി നടേശന്‍ പിരിച്ചുവിട്ട്  അഡ്മിനിസ്‌ട്രേറ്റര്‍  ഭരണം ഏര്‍പ്പെടുത്തി. സുഭാഷ് വാസുവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. യൂണിയന്‍ ഓഫീസിലെ വരവ് ചെലവ് കണക്ക് ബുക്ക് അടക്കം രേഖകള്‍ സുഭാഷ് വാസുവും സെക്രട്ടറി സുരേഷ് ബാബു മോഷ്ടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തരില്‍ പ്രധാനിയായിരുന്നു സുഭാഷ് വാസു. എന്നാല്‍ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിക്കെതിരെ പരസ്യ പ്രതികരണത്തിന് സുഭാഷ് വാസു തയ്യാറായിരുന്നില്ല. എങ്കിലും അനൗദ്യോഗികമായി വെള്ളാപ്പള്ളി നടേശനെതിരെ ഇദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

മൈക്രോ ഫിനാന്‍സ് കേസില്‍ സുഭാഷ് വാസു ഒന്നാം പ്രതിയും യൂണിയന്‍ സെക്രട്ടറി സുരേഷ് ബാബു രണ്ടാം പ്രതിയുമാണ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ സുഭാഷ് വാസുവിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂണിയന്‍ പിരിച്ചുവിടുന്നതെന്നാണ് എസ്എന്‍ഡിപി യോഗം അന്ന് വിശദീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com