ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആദ്യ പരിപാടി മലബാറിലെ റാലി; അമിത് ഷാ കേരളത്തിലേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2020 08:53 PM  |  

Last Updated: 04th January 2020 09:31 PM  |   A+A-   |  

Amit-Shah-

 

ന്യൂഡല്‍ഹി: പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള റാലിയില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തിലേക്ക് എത്തുന്നു. പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള റാലി മലബാറില്‍ നടത്താനാണ് ബിജെപി നേതൃത്വത്തിന്റെ ആലോചന. 

ജനുവരി 15ന് ശേഷമായിരിക്കും അമിത് ഷാ കേരളത്തിലേക്കെത്തുക. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചതിന്‌ ശേഷമാവും അമിത് ഷായുടെ സന്ദര്‍ശനം. ഈ മാസം 14ന് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. പുതിയ സംസ്ഥാന അധ്യക്ഷന്റെ ആദ്യ പരിപാടിയാവും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള റാലി. 

പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോഴും പിന്നോട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രചാരണം ശക്തിപ്പെടുത്താന്‍ പറഞ്ഞായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ അമിത് ഷാ വെല്ലുവിളിച്ചത്. 

പൗരത്വ നിയമം ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും ഒരാളുടേയും പൗരത്വം ഇല്ലാതാവില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. കോണ്‍ഗ്ര,് ഉള്‍പ്പെടെയുള്ളവര്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് പൗരത്വ നിയമത്തെ എതിര്‍ക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. പൗരത്വ നിയമത്തിനെതിരെയല്ല, ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്റെ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. 

പാകിസ്ഥാന്‍ ഹിന്ദുക്കളെയും സിഖുകാരെയും ദ്രോഹിക്കുകയാണ്. ഇതിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളേയും സിഖുകാരേയും സ്വീകരിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണ്. കോണ്‍ഗ്രസ് പാകിസ്ഥാനെതിരെ മിണ്ടുന്നില്ലെന്നും മോദി പറഞ്ഞു.