കേരളത്തിലെത്തുന്ന അമിത് ഷായെ 'കറുത്ത മതില്‍' കെട്ടി സ്വീകരിക്കുമെന്ന് യൂത്ത് ലീഗ്; ഒരുലക്ഷംപേരെ അണിനിരത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2020 12:22 PM  |  

Last Updated: 06th January 2020 12:22 PM  |   A+A-   |  

 

മലപ്പുറം: പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള വിശദീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്‌ക്കെതിരെ 'കറുത്ത മതില്‍' തീര്‍ത്ത് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ്. ഒരുലക്ഷം പേരെ അണിനിരത്തിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക.

കോഴിക്കോടെത്തുന്ന അമിത് ഷായ്ക്ക് എതിരെ വെസ്റ്റ് ഹില്‍ മുതല്‍ കരിപ്പൂര്‍വരെ കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.

ജനുവരി പതിനഞ്ചിന് ശേഷമാകും അമിത് ഷാ കേരളത്തിലെത്തുക. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് കൂറ്റന്‍ വിശദീകരണ യോഗം മലബാറില്‍ വെച്ചു നടത്താനാണ് ബിജെപി ആലോചിക്കുന്നത്. പാര്‍ട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡന്റിന്റെ ആദ്യ പൊതുയോഗവും ഇതാകും.

പൗരത്വ നിയമഭേദഗതിക്ക് എതിരെ നടത്തിവരുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് യൂത്ത് ലീഗ് അമിത് ഷായ്ക്ക് എതിരെ കറുത്ത മതില്‍ കെട്ടുന്നത്.

ഞായറാഴ്ച, പൗരത്വ നിയമത്തെക്കുറിച്ച് വിശദീകരിക്കാന്‍ ബിജെപി ആരംഭിച്ച ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെ അമിത് ഷായ്ക്ക് എതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഡല്‍ഹിയിലെ ലജ്പത് നഗറിലെത്തിയ അമിത് ഷായ്ക്ക് നേരെ രണ്ടു പെണ്‍കുട്ടികള്‍ ഗോബാക്ക് മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ബാനര്‍ കാട്ടുകയും ചെയ്തിരുന്നു.  കേന്ദ്രമന്ത്രി വി മുരളീധരനും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയക്കും നേരെയും കേരളത്തില്‍ കരിങ്കൊടി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇടത് യുവജന സംഘടനകളും കെഎസ്‌യുവുമാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.