കൊട്ടിഘോഷിച്ചുള്ള സഹായ വിതരണം വേണ്ട, കുട്ടികള്‍ക്കും ആത്മാഭിമാനമുണ്ട്; നിര്‍ദേശവുമായി സര്‍ക്കാര്‍

പരസ്യപ്രചാരണം നടത്തിയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചുമാണ് ഇത്തരം സഹായങ്ങള്‍ ലഭ്യമാക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി; പരസ്യ പ്രചാരണം നടത്തി പൊതുവേദിയില്‍ വെച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പലപ്പോഴും സഹായം നല്‍കുന്ന കുട്ടിയുടെ ഫോട്ടോയും പേരും വെച്ച് ഫ്‌ലക്‌സടിച്ചാണ് പ്രചാരണം നടത്തുന്നത്. എന്നാല്‍ ഇത്തരം നടപടികള്‍ കുട്ടികളെ സാരമായി ബാധിക്കും. അതിനാല്‍ കുട്ടിയുടെ സ്വകാര്യതയേയും അത്മാഭിമാനത്തേയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.

നിറഞ്ഞ സദസ്സില്‍ കുട്ടികളുടെ പേരു വിളിച്ചു സഹപാഠികളുടെയും അധ്യാപകരുടേയും മുന്നില്‍വെച്ച് സഹായധനമോ പഠനോപകരണങ്ങളോ നല്‍കുന്നതും കുട്ടികളുടെ പേരും ഫോട്ടോയും വെച്ച് പ്രചാരണം നടത്തുന്നതും ഒഴിവാക്കണം. പല സ്‌കൂളുകളിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പിടിഎയും സന്നദ്ധസംഘടനകളും യൂണിഫോം, പഠനോപകരണങ്ങള്‍ തുടങ്ങിയവ നല്‍കാറുണ്ട്. പരസ്യപ്രചാരണം നടത്തിയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചുമാണ് ഇത്തരം സഹായങ്ങള്‍ ലഭ്യമാക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

സഹായം സ്വീകരിക്കുന്ന കുട്ടികള്‍ മാനസിക പ്രയാസം അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവുണ്ട്. ഇതനുസരിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. ഇത്തരം പരിപാടികള്‍ക്ക് പരസ്യ പ്രചാരം നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ ഉള്‍ക്കൊണ്ട് സ്വകാര്യതയെ ബാധിക്കാത്ത വിധം സഹായം നല്‍കാം. മറ്റു കുട്ടികള്‍ക്കിടയില്‍ രണ്ടാം തരം പൗരന്മാരായി ചിത്രീകരിക്കപ്പെടുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com