സ്ഥലംമാറ്റം ഒരു ദിവസത്തെ പാക്കിങ്ങിന്റെ കാര്യം മാത്രം; പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ മലപ്പുറം കളക്ടര്‍ 

'തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണ് എങ്കില്‍ അതേ, ഞാന്‍ അഹങ്കാരിയാണ്'
സ്ഥലംമാറ്റം ഒരു ദിവസത്തെ പാക്കിങ്ങിന്റെ കാര്യം മാത്രം; പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ മലപ്പുറം കളക്ടര്‍ 

മലപ്പുറം: കവളപ്പാറ പുനരധിവാസവുമായി ബന്ധപ്പെട്ട പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മലപ്പുറം ജില്ലാ കളക്ടര്‍. തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണ് എങ്കില്‍ അതേ, ഞാന്‍ അഹങ്കാരിയാണ് എന്നാണ് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറയുന്നത്. 

കവളപ്പാറ ദുരന്തത്തിന് ഇരയായവര്‍ക്ക് വീട് നിര്‍മിക്കാനായി മുന്‍കൂറായി നല്‍കുന്ന 50000 രൂപ നല്‍കാന്‍ പോലും കളക്ടര്‍ തയ്യാറായില്ലെന്ന് പി വി അന്‍വര്‍ ആരോപിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജില്ലാ കളക്ടറുടെ രൂക്ഷ പ്രതികരണം. 2019ലെ വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ചളിക്കല്‍ കോളനിയിലെ 34 ആദിവാസി കുടുംബങ്ങളെ സമയബന്ധിതമായി പുനരധിവസിപ്പിക്കുന്ന ഫെഡറല്‍ ബാറ്റിന്റെ സിഎസ്ആര്‍ പദ്ധതി എംഎല്‍എ തടഞ്ഞു. ഇത്തരമൊരു പദ്ധതി തടയാന്‍ ജനപ്രതിനിധി മുന്‍പോട്ടു വന്നത് ദൗര്‍ഭാഗ്യകരമാണെന്നും, ഇതിനെ നിയമപരമായി നേരിടുമെന്നും കളക്ടര്‍ പറയുന്നു. 

കവളപ്പാറയിലെ ദുരിതബാധിതര്‍ക്ക് വാഗ്ദാനം ചെയ്തതാണ് ഈ പദ്ധതി. എന്നാല്‍ പോത്തുകല്‍ പഞ്ചായത്തിന് പുറത്തുവരാന്‍ ഇവര്‍ വിസമ്മതിച്ചു. ഇതോടെയാണ് ഈ പദ്ധതി ആദിവാസി കുടുംബങ്ങള്‍ക്കുള്ള പദ്ധതിയാക്കി മാറ്റിയത്. തനിക്കെതിരെ എന്ത് പരാതി വന്നാലും പേടിയില്ലെന്നും, സ്ഥലം മാറ്റം തന്നെ സംബന്ധിച്ച് ഒരു ദിവസത്തെ പായ്ക്കിംഗിന്റെ കാര്യം മാത്രമാണെന്നും കളക്ടര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

#തെറ്റായ_കാര്യങ്ങളിൽ_സഹകരിക്കാതിരിക്കുന്നത്_അഹങ്കാരമാണെങ്കിൽ, #അതെ, #ഞാൻ_അഹങ്കാരിയാണ്

നിലമ്പൂര്‍ താലൂക്കില്‍ 2019 പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ചെമ്പന്‍കൊല്ലിയിലെ 34 ആദിവാസി കുടുംബങ്ങള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ സി. എസ് . ആര്‍ പദ്ധതിയുടെ സഹായത്തോടെ നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണം ഇന്ന് ബഹു. നിലമ്പൂര്‍ എം എല്‍ എ ശ്രീ പി വി അന്‍വര്‍ തടഞ്ഞതായി അറിഞ്ഞു. കൂടാതെ അദ്ദേഹം ജില്ലാ ഭരണകൂടത്തിനെതിരെയും വ്യക്തിപരമായി എനിക്കെതിരെയും പരസ്യമായി ഗുരുതര ആരോപങ്ങള്‍ ഉന്നയിക്കുകയും ചെയ്തു . ബഹു. നിലമ്പൂര്‍ എം എല്‍ എയുടെ ആരോപണങ്ങളില്‍ എന്റെ പ്രതികരണം താഴെ ചേര്‍ക്കുന്നു .

1. 2019 വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ചളിക്കല്‍ കോളനിയിലെ ൩൪ 34 ആദിവാസി കുടുംബങ്ങളെ സമയബന്ധിതമായി പുനരധിവസിപ്പിക്കുന്നതിന് വിഭാവനം ചെയ്ത ഒരു മാതൃക ടൌണ്‍ ഷിപ്പ് പദ്ധതിയാണ് ബഹു എം എല്‍ എ ഇന്ന് തടഞ്ഞ പദ്ധതി. അതിവേഗത്തില്‍ 28.2.2020 ന് പണിപൂര്‍ത്തിയാക്കി ആദിവാസി സഹോദരങ്ങള്‍ക്ക്‌ പര്‍പ്പിടമേകുന്ന മാതൃകാപരമായ ഒരു പദ്ധതി നിര്‍ത്തുന്നതിന് ഒരു ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നത് തീര്‍ത്തും ദൌര്‍ഭാഗ്യകരമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നതിനും ഫെഡറല്‍ ബാങ്കിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട് . ഭവന നിര്‍മാണം തടയുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും . ഒരു ഏജന്‍സി യുടെ സി. എസ് . ആര്‍ സഹായത്തോടെയുള്ള ഇത്തരം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ക്ക് തടസം നേരിടുന്നത് മലപ്പുറത്തിന് ഭാവിയില്‍ ഇത്തരം സഹായങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമാകുമെന്നതിനാല്‍ ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ഒരു തരത്തിലും എനിക്ക് അനുകൂലിക്കാനോ അനുവദിക്കാനോ കഴിയില്ല .

കവളപാറ പ്രളയദുരിതബാധിതര്‍ക്ക് ആ വീടുകള്‍ നല്‍കേണ്ടതായിരുന്നു എന്നതാണ് നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത് . ഞങ്ങൾ അവർക്ക് ആ വീടുകൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവരുടെ പരമ്പരാഗത ആവശ്യങ്ങൾ കാരണം പോത്തുകല്‍ പഞ്ചായത്ത് പ്രദേശത്തിന് പുറത്ത് പോകാൻ അവർ വിസമ്മതിച്ചു, അതിനാൽ മറ്റൊരു പ്രളയ ദുരിത ബാധിത കോളനിയായ ചളിക്കല്‍ കോളനിയെ പരിഗണിക്കുകയാണുണ്ടായത്.

രണ്ടാമത്തെ കാരണം "ഭൂമി വാങ്ങുന്നതിന് മുമ്പ് എം‌എൽ‌എയെ സമീപിച്ചിട്ടില്ല" എന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഭൂമി വാങ്ങുന്നതിന് പര്‍ച്ചേസ് കമ്മിറ്റിയും നടപടിക്രമങ്ങളും നിലവിലുള്ളതും ഈ നടപടിക്രമങ്ങളിലോ പര്‍ച്ചേസ് കമ്മിറ്റിയിലോ ബഹു. എം. എല്‍. എ ക്ക് നിയമപ്രകാരം പങ്കില്ലാത്തതുമാണ്. അത്തരമൊരു കാര്യത്തിൽ എം‌എൽ‌എയെ സമീപിക്കേണ്ടത് എന്തിനാണെന്ന് വ്യക്തമല്ല ?


2. അദ്ദേഹത്തിന്റെ വ്യക്തിപരമായ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും മറുപടി ആവശ്യമില്ലാത്തതുമാണ് . എന്നിരുന്നാലും ഒരു വ്യക്തതയ്ക്കായി പറയട്ടെ , എന്നെ കേന്ദ്രസർക്കാരിന്റെ ഏജന്റ് എന്ന് വിളിക്കുന്നവർതിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്, എന്നെ ഈ പോസ്റ്റില്‍ നിയമിച്ചിട്ടുള്ളത് സംസ്ഥാന മന്ത്രിസഭ ആണ്, കാബിനെറ്റ്‌ എന്നെ ഈ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ സ്ഥാനമൊഴിയാന്‍ ഞാന്‍ ബാധ്യസ്ഥനും തയ്യാറുമാണ് .

3. ഞാൻ അഹങ്കാരിയും സഹകരണരഹിതനുമാണെന്നതാണ് മറ്റൊരു ആരോപണം. തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ, അതെ, ഞാൻ അഹങ്കാരിയാണ്. ഞാൻ പൊതു പണത്തിന്റെ സംരക്ഷകനായതുകൊണ്ടും എനിക്ക് പൊതുജനങ്ങളോട് ചില ഉത്തരവാദിത്തങ്ങളുമുള്ളതുകൊണ്ടും തെറ്റായ നിർദ്ദേശങ്ങളിൽ എനിക്ക് സഹകരിക്കാൻ കഴിയില്ല. പ്രളയ ദുരിതാശ്വാസ ഫണ്ട്‌ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനുമാവില്ല. ഇതുവരെ നിയമപരമായ ഒരു കാര്യത്തിലും ഒരു പൊതു പ്രതിനിധിയുമായും ഞാൻ സഹകരിക്കാതിരുന്നിട്ടുമില്ല.

അദ്ദേഹം എനിക്കെതിരെ പരാതിപ്പെടുന്നതില്‍ എനിക്ക് ഒരു യാതൊരുവിധ വ്യാകുലതയുമില്ല . അതിന് അദേഹത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും . എന്നെ സംബന്ധിച്ചിടത്തോളം മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുന്നത് ഒരു ദിവസത്തെ പായ്ക്കിംഗിന്റെ മാത്രം കാര്യമാണ് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com