40,118 കോടിയുടെ പദ്ധതികളില്‍ ധാരണ; 98, 708 കോടിയുടെ നിക്ഷേപവാഗ്ദാനം; ആഗോള നിക്ഷേപകസംഗമം വന്‍ വിജയമെന്ന് മുഖ്യമന്ത്രി

ഇന്ത്യയിലെ ആദ്യത്തെ  മികച്ച അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായി കേരളത്തെ മാറ്റണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്
pinarayi_new
pinarayi_new

കൊച്ചി: കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തില്‍ 40,118 കോടിയുടെ പദ്ധതികളില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധാരണപത്രത്തില്‍ ഒപ്പിട്ടു. 98, 708 കോടിയുടെ നിക്ഷേപവാഗ്ദാനം ലഭ്യമായി. നിക്ഷേപകസംഗമം വന്‍ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു. അസെന്‍ഡ് കേരള 2020ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും ഒരുതരത്തിലുള്ള ഭംഗവും വരില്ലെന്ന് മുഖ്യമന്ത്രി സംഗമത്തിനെത്തിയ നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി. കേരളം നിക്ഷേപം നടത്താന്‍ എന്തുകൊണ്ടും അനുയോജ്യമായ സംസ്ഥാനം എന്ന് തെളിയിച്ചു. അബുദാബി ഇന്‍വെസ്റ്റമെന്റ് അതോറിറ്റി 66,900 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഇന്ത്യയിലെ ആദ്യത്തെ  മികച്ച അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായി കേരളത്തെ മാറ്റണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനായി ഒന്നിച്ചുനീങ്ങണം. വ്യവസായവുമായി ബന്ധപ്പെട്ട സമിതികള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്, അത് സ്വീകാര്യമായ നിര്‍ദ്ദേശമാണ്; സര്‍ക്കാര്‍ അത് ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 
 
ഈ സംരംഭം ഇതോടെ നിര്‍ത്താനല്ല തീരുമാനിച്ചിരിക്കുന്നത്. സംഗമത്തിന്റെ സന്ദേശം സ്വാഭാവികമായി ഉയര്‍ന്നുവന്നു. രാജ്യത്തും പുറത്തും വന്‍കിട നിക്ഷേപകരുണ്ട്. നമ്മുടെ നാടിന് ചേരുന്ന് ഏത്  വ്യവസായത്തേയും പ്രോല്‍സാഹിപ്പിക്കാനാകും. എല്ലാ വ്യവസായവും നല്ല നിലയില്‍ നമ്മുടെ നാട്ടില്‍ വരില്ല. പരിസ്ഥിതി പ്രധാനമാണ്. അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാത്ത വ്യവസായം നല്ല തോതില്‍ നമുക്ക് ആകര്‍ഷിക്കാനാകണം.

അസെന്‍ഡില്‍ പങ്കെടുത്ത എല്ലാവരും കേരളത്തിന്റെ നിക്ഷേപ കാര്യങ്ങളുടെ അംബാസഡറായി മാറണമെന്നും തുടര്‍ന്നും ഇത്തരം പരിപാടിയിലൂടെ നല്ല മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി സമാപന ചടങ്ങില്‍ വ്യക്തമാക്കി.

രണ്ട് ദിവസങ്ങളിലായാണ് കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വ്യവസായങ്ങള്‍ക്ക് തൊഴിലവസരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷം പ്രതിമാസ സബ്‌സിഡി നല്‍കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നിക്ഷേപക സംഗമത്തില്‍ നടത്തിയിരുന്നു. അതില്‍ തന്നെ സ്ത്രീ തൊഴിലാളികള്‍ക്ക് നല്‍കുന്ന സബ്‌സിഡി തുക 2000 രൂപ കൂടുതലായിരിക്കുമെന്നാണ് പ്രഖ്യാപനം. 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2015 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും സബ്‌സിഡി എന്നും സംസ്ഥാന സര്‍ക്കാര്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com