കറുത്ത ഷൂ, യൂണിഫോമില്‍ മൂന്ന് സ്റ്റാര്‍ ; സിഐ റാങ്കില്‍ 'ചെത്തി' യുവതി; സ്‌റ്റേഷന് മുന്നിലെ കറക്കത്തിനിടെ പിടിയില്‍, ട്വിസ്റ്റ്, ഗര്‍ഭിണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 01:09 PM  |  

Last Updated: 10th January 2020 01:09 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കോട്ടയം : സര്‍ക്കിള്‍ ഉദ്യോഗസ്ഥന്റെ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച് യുവതിയുടെ ചെക്കിങ്. പൊലീസ് വേഷം ധരിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലും ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്തും കറങ്ങി നടന്ന യുവതി ഒടുവില്‍ പിടിയിലായി. പൊലീസ് വേഷത്തിനു മുകളില്‍ മേലങ്കി ധരിച്ച് സ്‌റ്റേഷനു പുറത്ത് ഫോണില്‍ സംസാരിക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

ജോലി ലഭിച്ചതായി വീട്ടുകാരെ കബളിപ്പിക്കാനാണ് പൊലീസ് വേഷം കെട്ടിയതെന്ന്  25 വയസ്സ് പ്രായമുള്ള യുവതി പൊലീസിനോട് പറഞ്ഞു. കറുത്ത ഷൂവും മൂന്ന് വലിയ സ്റ്റാറും ഉള്‍പ്പെടെ സിഐ റാങ്കിങ് യൂണിഫോമാണ് യുവതി ധരിച്ചിരുന്നത്. പരിശീലനത്തിനെന്ന പേരില്‍ വീട്ടില്‍നിന്നു പോയ യുവതി ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ രണ്ടു ദിവസം എത്തിയിരുന്നു. മേല്‍ക്കുപ്പായം ധരിച്ചു സ്‌റ്റേഷനു പുറത്തെ കസേരയില്‍ ഇരുന്ന യുവതിയെ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.

കൂടുതല്‍ സമയവും മെഡിക്കല്‍ കോളജിലാണ് യുവതി ചെലവിട്ടത്. ബിരുദധാരിയായ യുവതി ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട യുവാവിനെയാണ് വിവാഹം കഴിച്ചത്. അന്നുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബത്തിലെ പ്രശ്‌നം ഒഴിവാക്കാന്‍ സിഐ ജോലി ലഭിച്ചുവെന്ന് ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 6 മാസം ഗര്‍ഭിണിയായ യുവതി തട്ടിപ്പ് നടത്തിയിട്ടില്ലെന്നു കണ്ടെത്തിയതിനാല്‍ പൊലീസ് ഭര്‍ത്താവിനെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടു. യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.