കയറ്റം കയറുന്നതിനിടെ ചരക്കുലോറി നിയന്ത്രണം വിട്ട് പിന്നിലേക്ക്, ആറ് വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു, ലോറികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് കാര്‍, എയര്‍ബാഗ് 'രക്ഷിച്ചു'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 09:45 AM  |  

Last Updated: 13th January 2020 09:45 AM  |   A+A-   |  

 


മലപ്പുറം : കയറ്റം കയറുന്നതിനിടെ ചരക്കു ലോറി നിയന്ത്രണം വിട്ട് പിന്നോട്ടുരുണ്ട് ആറ് വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു. ലോറിക്കു പിന്നിലുണ്ടായിരുന്ന വിവിധ വാഹനങ്ങളിലുണ്ടായിരുന്ന അഞ്ചു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ മൂടാല്‍ ബൈപാസ് ജംക്ഷന് സമീപത്തെ കയറ്റത്തിലാണ് അപകടം ഉണ്ടായത്.

കോഴിക്കോട് ഭാഗത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയത്. കയറ്റം കയറുന്നതിനിടെ പിന്നിലേക്ക് ഇറങ്ങിയ ലോറി തൊട്ടുപിന്നിലുള്ള വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിനിടയാക്കിയ ലോറിക്കു പിന്നിലുണ്ടായിരുന്ന കാര്‍ പൂര്‍ണമായി തകര്‍ന്നു.

മുന്നിലും പിന്നിലുമുണ്ടായിരുന്ന ലോറികള്‍ക്കിടയില്‍പെട്ട് കാര്‍ തകര്‍ന്നെങ്കിലും എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ടിപ്പര്‍ ലോറിയിലെ ഡ്രൈവര്‍ക്കും സ്‌കൂട്ടര്‍ യാത്രികനുമാണ് പരുക്കേറ്റ മറ്റുള്ളവര്‍. അപകടത്തെ തുടര്‍ന്ന് ഏറെനേരം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.