10 ജില്ലകളിലെ ബിജെപി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു ; തിരുവനന്തപുരത്ത് വി വി രാജേഷ് ; നാലിടത്ത് തീരുമാനമായില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2020 05:03 PM  |  

Last Updated: 19th January 2020 05:07 PM  |   A+A-   |  

വി വി രാജേഷ്, വി കെ സജീവന്‍

 

തിരുവനന്തപുരം : സംസ്ഥാനത്തെ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. പത്തു ജില്ലകളിലെ പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലെ ഗ്രൂപ്പുവഴക്കുകളെ തുടര്‍ന്ന് നാലു ജില്ലകളില്‍ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല.

വി വി രാജേഷാണ് തിരുവനന്തപുരം ജില്ലയിലെ പുതിയ അധ്യക്ഷന്‍. കൊല്ലത്ത് ബി ബി ഗോപകുമാര്‍, പത്തനംതിട്ടയില്‍ അശോകന്‍ കുളനട, ആലപ്പുഴയില്‍ എം വി ഗോപകുമാര്‍, ഇടുക്കിയില്‍ കെ എസ് അജി എന്നിവരാണ് പുതിയ പ്രസിഡന്റുമാര്‍.

കോഴിക്കോട് വി കെ സജീവന്‍, തൃശൂര്‍ കെ കെ അനീഷ്, വയനാട് സജി ശങ്കര്‍, മലപ്പുറത്ത് രവി തേലത്ത് എന്നിവരും ജില്ലാ പ്രസിഡന്റുമാരാകും. പാലക്കാട് ഇ കൃഷ്ണദാസ് പ്രസിഡന്റായി തുടരും.  ഗ്രൂപ്പുപോരു മൂലം കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, കോട്ടയം ജില്ലകളിലാണ് പ്രസിഡന്റുമാരെ നിശ്ചയിക്കാനാകാതിരുന്നത്.

കാസര്‍കോട് നിലവിലെ പ്രസിഡന്റ് ശ്രീകാന്തിന് പുറമെ രവീശ തന്ത്രി കുണ്ടാറിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. കോട്ടയത്ത് പരിഗണിച്ചിരുന്ന എന്‍ ഹരിക്കെതിരെ വോട്ടുവില്‍പ്പന അടക്കമുള്ള ആരോപണങ്ങളുമായി എതിര്‍വിഭാഗം രംഗത്തുവന്നതാണ് പ്രതിസന്ധിയായത്.

എറണാകുളത്ത് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുമുള്ള ആളെ പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം കോട്ടയത്ത് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും ഒരാളെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.