പയ്യോളി മനോജ് വധം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

കൊലപാതകത്തിന് ശേഷം ദുബായിലേക്ക് കടന്ന വിപിൻദാസ്, ഗരീഷ് എന്നിവരാണ് പിടിയിലായത്
പയ്യോളി മനോജ് വധം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: പയ്യോളി മനോജ് വധക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കൊലപാതകത്തിന് ശേഷം ദുബായിലേക്ക് കടന്ന വിപിൻദാസ്, ഗരീഷ് എന്നിവരാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് സിബിഐ അന്വേഷണ സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. മനോജിന്റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതികൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരടക്കം 27 പ്രതികൾക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം നൽകിയിരുന്നു.

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ രണ്ട് പ്രതികളെ കേസിൽ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. പൊലീസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരെയാണ് സിബിഐ മാപ്പു സാക്ഷികളാക്കിയത്. ഡിവൈഎസ്പി ജോസി ചെറിയാൻ, സിഐ വിനോദൻ എന്നിവർക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

2012 ഫെബ്രുവരി 12നാണ് ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊന്നത്. തുടർന്ന് ലോക്കല്‍ പൊലീസ് കേസില്‍ പ്രദേശത്തെ ഡിവൈഎഫ്ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്ട്രീയ ഇടപെടലുകളുണ്ടായി.

താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും കസ്റ്റഡിയിലിരിക്കെ അജിത്ത് വിളിച്ച് പറഞ്ഞതോടെയാണ് കേസ് വലിയ ശ്രദ്ധ നേടിയത്.  ഇതോടെ കേസില്‍ പുനഃരന്വേഷണത്തിന് വഴിയൊരുങ്ങി.  2016ലാണ് കേസ് സിബിഐ എറ്റെടുത്തത്.

ലോക്കല്‍ കമ്മറ്റി ഓഫീസിലാണ് കൊലയ്ക്കുള്ള ഗൂഢാലോചന നടന്നതെന്ന് അവര്‍ കണ്ടെത്തി. ജില്ലാ കമ്മറ്റി അംഗവും കൃത്യം നടക്കുമ്പോള്‍ ഏരിയ സെക്രട്ടറിയുമായിരുന്ന ചന്തു മാസ്റ്റർ അടക്കമുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തു. ലോക്കല്‍ കമ്മറ്റി അംഗങ്ങൾ അടക്കം ആറ് സിപിഎം നേതാക്കളും രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പിടിയിലായി. രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് പ്രദേശത്ത് ഹര്‍ത്താല്‍ നടത്തി സിപിഎം പ്രതിഷേധിച്ചുവെങ്കിലും സിബിഐ മുന്നോട്ട് പോവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com