ആസൂത്രണം ചെയ്തത് ഷാഹിറ, മദ്യം വാങ്ങാന്‍ 1000 രൂപ നല്‍കി, മോഹനവാഗ്ദാനങ്ങളും, 'മാധ്യമപ്രവര്‍ത്തകന്റെ' ഫോണ്‍വിളി, ജെയ്‌മോന്റെ 'അതിബുദ്ധി'യില്‍ കുടുങ്ങി

രാത്രി എട്ടിനാണ് മദ്യപിക്കാനായി മുഹമ്മദാലിയും അയല്‍വാസിയായ ജെയ്‌മോനും വീടിന്റെ ടെറസിലേക്കു കയറിയത്
മുഹമ്മദാലി, ഷാഹിറ, ജെയ്‌മോന്‍ എന്നിവര്‍
മുഹമ്മദാലി, ഷാഹിറ, ജെയ്‌മോന്‍ എന്നിവര്‍

മലപ്പുറം: കാളികാവ് മൂച്ചിക്കല്‍ സ്വദേശി മുഹമ്മദാലിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകത്തിന് പ്രേരിപ്പിച്ചത് മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ ഷാഹിറയാണെന്ന് മുഖ്യപ്രതി ജെയ്‌മോന്‍ പൊലീസിനോട് വെളിപ്പെടുത്തി. ചിതലിന് ഉപയോഗിക്കുന്ന വിഷമാണ് മദ്യത്തില്‍ ചേര്‍ത്തു നല്‍കിയത്. മദ്യം വാങ്ങാന്‍ സംഭവദിവസം രാവിലെ ഷാഹിറ 1000 രൂപ നല്‍കിയെന്നും ജെയ്‌മോന്‍ പൊലീസിനോട് പറഞ്ഞു.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയാല്‍ തന്റെ പേരിലുള്ള 9 സെന്റ് സ്ഥലവും വീടും ഭര്‍ത്താവിന്റെ പേരിലുള്ള ചരക്കുവണ്ടിയും ജെയ്‌മോനു നല്‍കാമെന്നും ഷാഹിറ വാക്കു നല്‍കിയിരുന്നു. കൃത്യം നടത്തുന്നതിനായി നിലമ്പൂര്‍ ബിവറേജസില്‍ നിന്നും മൂന്ന് കുപ്പി മദ്യം വാങ്ങി. കൊലപ്പെടുത്തി വണ്ടിയില്‍ കയറ്റി വണ്ടി അടക്കം ആഴമേറിയ ക്വാറിയില്‍ തള്ളാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ ഇതിന് ഷാഹിറ സമ്മതിച്ചില്ല. തുടര്‍ന്നാണ് ഉറക്കത്തിനിടയിലെ ഹൃദയാഘാതമെന്നു ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ജെയ്‌മോന്‍ പറഞ്ഞു.

സംഭവദിവസം രാത്രി എട്ടിനാണ് മദ്യപിക്കാനായി മുഹമ്മദാലിയും അയല്‍വാസിയായ ജെയ്‌മോനും വീടിന്റെ ടെറസിലേക്കു കയറിയത്. മുഹമ്മദാലി മദ്യപിച്ച് അവശനായതിനു പിന്നാലെ ഭാര്യയും അവിടേക്കെത്തി. വിഷക്കുപ്പിയുടെ അടപ്പ് തുറന്നുകൊടുത്തതും ഉമ്മുല്‍ ഷാഹിറയാണ്. വിഷം ഉള്ളില്‍ ചെന്നു രക്തം ഛര്‍ദിച്ച മുഹമ്മദാലിയെ ഇരുവരും ചേര്‍ന്നു മുറിയിലെത്തിച്ചു കട്ടിലില്‍ കിടത്തി. മരണം ഉറപ്പാക്കിയശേഷം രാത്രി രണ്ടു മണിക്കാണ് അവിടെനിന്നു പോയതെന്നു ജെയ്‌മോന്‍ പറഞ്ഞു.

കൊലപാതകത്തിന് ശേഷം നാട്ടില്‍ നിന്ന് മുങ്ങിയ ജെയ്‌മോനെ കുടുക്കിയത് അതിബുദ്ധി കാണിച്ചതാണെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ ഒരാഴ്ച മുന്‍പ് ജെയ്‌മോന്‍ കാളികാവിലെ അയല്‍വാസിയുടെ മൊബൈലിലേക്കു വിളിച്ചു. മാധ്യമ പ്രവര്‍ത്തകനെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയതെങ്കിലും ജെയ്‌മോന്റെ ശബ്ദം അയല്‍വാസി തിരിച്ചറിഞ്ഞു.

തുടര്‍ന്നു മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ പൊലീസിനു കൈമാറുകയായിരുന്നു. ഈ മൊബൈല്‍ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ സൈബര്‍ സെല്‍ പരിശോധനയിലാണ് ജെയ്‌മോന്‍ തമിഴ്‌നാട്ടിലെ ശിവകാശിയിലുണ്ടെന്ന നിര്‍ണായക വിവരം പൊലീസിന് ലഭിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ശിവകാശിയില്‍ നിന്ന് ഉമ്മുല്‍ ഷാഹിറയെയും ചൊവ്വാഴ്ച ഡിണ്ടിഗലില്‍ വെച്ച് ജെയ്‌മോനെയും പൊലീസ് പിടികൂടികയായിരുന്നു.

മുഹമ്മദാലിയുടെ മരണത്തിന്റെ നാലാംദിനം ഷാഹിറ ജെയ്‌മോനൊപ്പം പോകുകയായിരുന്നു. ഇതോടെയാണ് മുഹമ്മദാലിയുടെ മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയത്. ഷാഹിറയ്‌ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com