ലെയ്‌സ് പാക്കറ്റില്‍ മുഖം ചേര്‍ത്ത്... കളിച്ചു ചിരിച്ച് മാധവ്, ഉള്ളുവിങ്ങുന്ന നീറ്റലോടെ ബന്ധുക്കളും

അഞ്ചുവയസ്സുകാരി ഗൗരി ലക്ഷ്മിക്കൊപ്പം കളിച്ചു ചിരിച്ചായിരുന്നു മാധവിന്റെ വരവ്
ലെയ്‌സ് പാക്കറ്റില്‍ മുഖം ചേര്‍ത്ത്... കളിച്ചു ചിരിച്ച് മാധവ്, ഉള്ളുവിങ്ങുന്ന നീറ്റലോടെ ബന്ധുക്കളും

ന്യൂഡല്‍ഹി: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച രഞ്ജിത്തിന്റെയും ഇന്ദുലക്ഷ്മിയുടെയും മൂത്ത മകന്‍ മാധവ് നാട്ടിലെത്തി. കാഠ്മണ്ഡുവില്‍ നിന്നും ബുധനാഴ്ച വൈകീട്ട് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ അച്ഛനും അമ്മയും അനിയനും കൂടെയില്ലെങ്കിലും മാധവ് ആഹ്ലാദത്തിലായിരുന്നു. അഞ്ചുവയസ്സുകാരി ഗൗരി ലക്ഷ്മിക്കൊപ്പം കളിച്ചു ചിരിച്ചായിരുന്നു മാധവിന്റെ വരവ്.

ഉള്ളുവിങ്ങുന്ന നീറ്റലോടെ ചെറിയച്ഛന്‍ അനീഷ് വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആഹ്‌ളാദത്തോടെ പുറത്തുവന്ന മാധവിനും ഗൗരിക്കും അനീഷ് ഓരോ ലെയ്‌സ് പായ്ക്കറ്റ് വാങ്ങിനല്‍കി. പായ്ക്കറ്റിനു പുറത്തുള്ള മീശ വെച്ചയാളുടെ ചിത്രം മുഖത്തോടു ചേര്‍ത്ത് മാധവ് ഗൗരിക്കൊപ്പം സന്തോഷം പങ്കിടുമ്പോള്‍, ദുഃഖം പുറത്തറിയാതിരിക്കാനുള്ള തത്രപ്പാടിലായിരുന്നു അനീഷും ഗൗരിയുടെ അമ്മ അശ്വതിയും. .

അച്ഛനുമമ്മയും അനിയന്‍ വൈഷ്ണവും ഇനി തന്റെയൊപ്പം ഉണ്ടാകില്ല എന്നത് രണ്ടാം ക്ലാസുകാരനായ മാധവ് ഇനിയും അറിഞ്ഞിട്ടില്ല.  രഞ്ജിത്തിന്റെ സഹപാഠി ജയകൃഷ്ണന്റെ ഭാര്യ അശ്വതിക്കും മകള്‍ ഗൗരിക്കുമൊപ്പമാണ് മാധവിനെ കാഠ്മണ്ഡുവില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയച്ചത്. അശ്വതിക്കൊപ്പം മാധവിനെ കൂട്ടി അനീഷ് വൈകുന്നേരത്തെ വിമാനത്തില്‍ തന്നെ നാട്ടിലേക്കും തിരിച്ചു.  

ദാമനിലെ റിസോര്‍ട്ട് മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രഞ്ജിത്തിന്റെ കുടുംബം പ്രവീണ്‍ താമസിക്കുന്ന മുറിയിലേക്കു മാറുകയായിരുന്നു. നല്ല ഉറക്കത്തിലായതിനാല്‍ മാധവിനെ ഒപ്പം കൂട്ടിയില്ല. അതിനാല്‍, അവന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. അച്ഛനും അമ്മയും ആശുപത്രിയിലാണെന്നാണ് മാധവിനോട് പറഞ്ഞിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ടീച്ചിങ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത് ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com