കാട്ടാക്കടയില്‍ ഭൂവുടമയെ ജെസിബിക്ക് ഇടിച്ചു കൊന്ന സംഭവം: മുഖ്യപ്രതി പിടിയിലെന്ന് സൂചന, മൂന്നുപേര്‍ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 25th January 2020 10:05 PM  |  

Last Updated: 25th January 2020 10:05 PM  |   A+A-   |  

 

തിരുവനന്തപുരം: കാട്ടാക്കടയില്‍ അനധികൃത മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ ജെസിബി ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ കസ്റ്റഡിയില്‍. കസ്റ്റഡിയിലുള്ളവരില്‍ മുഖ്യപ്രതിയുമുണ്ടെന്നാണ് സൂചന. ഇവരെ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ടിപ്പര്‍ ഡ്രൈവര്‍ വിജിന്റെ അറസ്റ്റു രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് റൂറല്‍ എസ്പി ബി. അശോകന്‍ പറഞ്ഞു.

അനുമതിയില്ലാതെ അര്‍ധരാത്രി മണ്ണിടിച്ചു കടത്താനുള്ള ശ്രമം തടഞ്ഞതിനാണ് വിമുക്ത ഭടനും പ്രവാസിയുമായ കാട്ടാക്കട കീഴാറൂര്‍ കാഞ്ഞിരംവിള ശ്രീ മംഗലത്തില്‍ സംഗീതിനെ മണ്ണുമാന്തിയുടെ യന്ത്രക്കൈ കൊണ്ട് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്. മണ്ണുമാന്തിയുടെ ഡ്രൈവര്‍ ചാരുപാറ വിജിന്‍ നിവാസില്‍ വിജിനെ (29) പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തപ്പോള്‍ മണ്ണു കടത്താനെത്തിയ ടിപ്പറിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരെ പിടികൂടാനായിരുന്നില്ല.