ജ്വല്ലറി ഉടമയിൽ നിന്ന് 80 പവൻ സ്വർണവും പണവും കവർന്ന കേസ്; നാല് പേർ പിടിയിൽ

ജ്വല്ലറി ഉടമയില്‍ നിന്ന് 80 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍
അറസ്റ്റിലായ കിഷോർ, സുമോദ്, സുമേഷ്, സുഭാഷ്
അറസ്റ്റിലായ കിഷോർ, സുമോദ്, സുമേഷ്, സുഭാഷ്

കോഴിക്കോട്: ജ്വല്ലറി ഉടമയില്‍ നിന്ന് 80 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. നല്ലളം അരീക്കാടിലെ ജ്വല്ലറി ഉടമയിൽ നിന്നാണ് സംഘം സ്വർണവും പണവും കവർന്നത്. നിരവധി കേസുകളില്‍ പ്രതിയായ ചെട്ടിപ്പടി കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നല്ലളം പൊലീസാണ് അറസ്റ്റ് ചെയ്തത്. കിഷോറിന് പുറമേ സുമോദ്, സുമേഷ്, സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്.

നഗരത്തിലെ ഒരു ഹോട്ടലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ തോക്കുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് മോഷണ കേസ് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ വഴി ലഭിച്ച വിവരങ്ങളും പ്രതികളിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചു. 

ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജ്വല്ലറി ഉടമ കടയടച്ച് പണവും സ്വര്‍ണവും അടങ്ങിയ ബാഗുമായി പച്ചക്കറി കടയിലെത്തി സാധനം വാങ്ങുകയായിരുന്നു. ഇതിനിടെ ബൈക്കില്‍ സൂക്ഷിച്ച ബാഗ് പ്രതികള്‍ തന്ത്രപൂര്‍വം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. 

മോഷ്ടിച്ച സ്വര്‍ണം പ്രതികള്‍ വീതിച്ചെടുക്കുകയും ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഈ സ്വര്‍ണം വിവിധ ജ്വല്ലറികളില്‍ വില്‍പന നടത്തിയതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതികള്‍ വന്‍കിട ഹോട്ടലുകളില്‍ താമസിച്ചതായും ഗോവ, വീഗാലാൻഡ് തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തിയതായും പൊലീസ് കണ്ടെത്തി. പ്രതികള്‍ വില്‍പന നടത്തിയ സ്വര്‍ണവും ബന്ധുക്കള്‍ക്ക് കൈമാറിയ സ്വര്‍ണവും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com