നഷ്ടക്കണക്കുകൾക്കിടയിലും കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർധന; ഓടാതെ കിടക്കുന്നത് 2000 ബസുകൾ

കെഎസ്ആർടിസിയുടെ വരുമാനത്തിൽ 2019ൽ വർധനവുണ്ടായെന്ന് റിപ്പോർട്ട്
നഷ്ടക്കണക്കുകൾക്കിടയിലും കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർധന; ഓടാതെ കിടക്കുന്നത് 2000 ബസുകൾ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വരുമാനത്തിൽ 2019ൽ വർധനവുണ്ടായെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 29.54 കോടിയുടെ വർധനയാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2019 കലണ്ടർ വർഷത്തിൽ 2,286.15 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ആകെ വരുമാനം. 2018 ൽ ഇത് 2256.61 കോടിയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 1.31 ശതമാനം വർധനയാണ് വരുമാനത്തിൽ രേഖപ്പെടുത്തിയത്. ശമ്പളം കൃത്യമായി വിതരണം ചെയ്യാൻ സാധിക്കാത്ത നിലയിലിരിക്കെയാണ് വരുമാന നേട്ടം എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ വർഷം രണ്ട് മാസങ്ങളിൽ വരുമാനം 200 കോടി രൂപയിലെത്തിയിരുന്നു. മെയ് മാസത്തിൽ 200.91 കോടിയും ഡിസംബറിൽ 213.28 കോടിയുമായിരുന്നു വരുമാനം. യാത്രക്കാരുടെ തിരഞ്ഞെടുപ്പിൽ മാറ്റം വന്നതാണ് വരുമാന വർധനവിന്റെ പ്രധാന കാരണം. വേഗത, സീറ്റിങ്, സൗകര്യപ്രദമായ യാത്ര എല്ലാം ഇതിന് കാരണമായിട്ടുണ്ട്. അതിനാൽ തന്നെ സൂപ്പര്‍ഫാസ്റ്റ്, എസി, ലോഫ്ലോര്‍ ബസുകളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചിരുന്നു.

കെഎസ്ആർടിസിക്കും കെയുആർടിസിക്കുമായി സംസ്ഥാനത്ത് 6300 ഓളം ബസുകളുണ്ട്. ഇവയിൽ 2000 ത്തോളം ബസുകൾ ഓടിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാരണം. ഈയൊരു സാഹചര്യത്തിലും ഉയർന്ന വരുമാനം നേടാനായത് കോർപറേഷന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു. ഈ മാസം അഞ്ചാം തീയതി തന്നെ ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com