എട്ടു രൂപയ്ക്ക് ഇനി രണ്ടര കിലോമീറ്റര്‍ യാത്ര, മിനിമം ചാര്‍ജ് ഉയര്‍ത്താതെ ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം 

എട്ടു രൂപയ്ക്ക് ഇനി രണ്ടര കിലോമീറ്റര്‍ യാത്ര, മിനിമം ചാര്‍ജ് ഉയര്‍ത്താതെ ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം 

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബസ് ചാര്‍ജ് താത്കാലികമായി വര്‍ധിപ്പിക്കാനുളള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബസ് ചാര്‍ജ് താത്കാലികമായി വര്‍ധിപ്പിക്കാനുളള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. മിനിമം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ, ദൂരപരിധി കുറച്ച് കൊണ്ടാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ അഞ്ചു കിലോമീറ്റര്‍ വരെ എട്ടു രൂപയാണ് ചാര്‍ജ്ജായി ഈടാക്കുന്നത്. ഇത് രണ്ടര കിലോമീറ്ററായി ചുരുക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. കോവിഡ് കാലത്തേയ്ക്ക് മാത്രമാണ് ചാര്‍ജ് വര്‍ധന. അതേസമയം വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം മന്ത്രിസഭ തളളി.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് അംഗീകരിച്ചിരുന്നു. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.  ഇന്ധനവില വര്‍ധനയും യാത്രക്കാരുടെ കുറവും ചൂണ്ടിക്കാണിച്ച് കോവിഡ് കാലത്തേക്കുളള പ്രത്യേക ശുപാര്‍ശയാണ് ഇന്ന് മന്ത്രിസഭ പരിഗണിച്ചത്. മിനിമം നിരക്ക് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് കമ്മീഷന്‍ ഗതാഗത കമ്മീഷണര്‍ക്ക് കൈമാറിയത്.  ബസ് ചാര്‍ജ് 25 ശതമാനമെങ്കിലും കൂട്ടണമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ നിലപാട്. ബസ് ചാര്‍ജ് വര്‍ധനയ്ക്കുളള ഗതാഗത വകുപ്പിന്റെ ശുപാര്‍ശ കോവിഡ് കാലത്തേയ്ക്ക് മാത്രമാണ്. സ്ഥിരമായ വര്‍ധന ചര്‍ച്ചകള്‍ക്ക് ശേഷമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ചു കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ  പ്രധാന ശുപാര്‍ശ. തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം. അതായത് പത്ത് കഴിഞ്ഞാല്‍ 12, 14 16, 18,20 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്‌റ്റേജുകളിലെ നിരക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കിയുള്ള മറ്റൊരു ശുപാര്‍ശയും കമ്മീഷന്റ റിപ്പോര്‍ട്ടിലുണ്ട്.  വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കാനും ശുപാര്‍ശ ചെയ്തിരുന്നു. 

നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. ഇത് കൂടി  കണക്കിലെടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിച്ചത്. നേരത്തെ 50 ശതമാനം ചാര്‍ജ് വര്‍ധിപ്പിച്ചത് ബസുകളിലെ സാമൂഹിക അകലം ഒഴിവാക്കിയതോടെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ ബസുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ്  കമ്മീഷനോട്  റിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍  സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com