വൈദ്യുതി ബിൽ സബ്‌സിഡി ഇന്നുമുതൽ; ഇളവ്‌ ലോക്ക്‌ഡൗൺ കാലത്തെ ബില്ലുകൾക്ക് ; തുക അടച്ചവര്‍ക്കും ആനുകൂല്യം

മുമ്പുള്ള ബില്‍ തീയതി, മുമ്പ് അടച്ച തുക എന്നിവയും പുതിയ ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും
വൈദ്യുതി ബിൽ സബ്‌സിഡി ഇന്നുമുതൽ; ഇളവ്‌ ലോക്ക്‌ഡൗൺ കാലത്തെ ബില്ലുകൾക്ക് ; തുക അടച്ചവര്‍ക്കും ആനുകൂല്യം

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാലത്ത് കനത്ത ബില്ലു ലഭിച്ച ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി ആനുകൂല്യം അടങ്ങിയ വൈദ്യുതി ബില്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. അര്‍ഹമായ സബ്‌സിഡി തുക എത്രയെന്ന് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കും. 'കേരള ഗവണ്‍മെന്റ് സബ്‌സിഡി' എന്നായിരിക്കും ബില്ലിലുണ്ടാകുക.

മുമ്പുള്ള ബില്‍ തീയതി, മുമ്പ് അടച്ച തുക എന്നിവയും പുതിയ ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. രണ്ടുലക്ഷം ബില്ലുകളാണ് ഒരുദിവസം തയ്യാറാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സബ്‌സിഡിക്ക് അര്‍ഹരായ ഗാര്‍ഹിക ഉപയോക്താക്കളുടേതാണ്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ലോക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ക്കാണ്  ഇളവ്. ഇതിനകം ബില്ലടച്ചവര്‍ക്ക് സബ്‌സിഡി പ്രകാരം പുതിയ ബില്‍ ക്രമപ്പെടുത്തി നല്‍കും. അടക്കാത്തവരാണെങ്കില്‍ തൊട്ടുമുമ്പുള്ള ബില്ലില്‍ സബ്‌സിഡിതുക കുറച്ച് പുതിയത് നല്‍കും.

കോവിഡ് കാലത്ത് കെഎസ്ഇബിക്കുണ്ടായത് 500 കോടിയുടെ അധിക ബാധ്യതയാണ്. ലോക്ക്ഡൗണ്‍ കാരണം പ്രയാസം നേരിടുന്ന ഗാര്‍ഹിക ഉപയോക്താക്കളെ സഹായിക്കാന്‍ പ്രഖ്യാപിച്ച സബ്‌സിഡി ഇനത്തില്‍ മാത്രം 200 കോടിയാണ്  ബാധ്യത വരുന്നത്. ഇതിന് പുറമെ വ്യവസായ, വാണിജ്യ ഉപഭോഗത്തിലെ കുറവുമൂലം ഉണ്ടായ വരുമാന നഷ്ടം, വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഫിക്‌സഡ് ചാര്‍ജില്‍ അനുവദിച്ച 25ശതമാനം ഇളവ്,  പലിശ ഇളവുകള്‍ എന്നിവകൂടി കണക്കില്‍ എടുക്കുമ്പോള്‍ കോവിഡ് കാലത്തെ അധികബാധ്യത 500 കോടിയില്‍ എത്തും.

50 കോടിയുടെ സാമ്പത്തിക സഹായം മാത്രമാണ് കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചത്. എന്‍ടിപിസി, പവര്‍ഗ്രിഡ് എന്നിവയ്ക്കുള്ള ഫിക്‌സഡ് ചാര്‍ജിനത്തില്‍ കെഎസ്ഇബി നല്‍കേണ്ട തുകയില്‍ 20 ശതമാനം കുറവ് വരുത്തിയ ഇനത്തിലാണിത്. എന്നാല്‍ മറ്റുകേന്ദ്രനിലയങ്ങളിലെ ഫിക്‌സഡ് ചാര്‍ജ് കുറയ്ക്കുകയോ സഹായ പദ്ധതികള്‍ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കാന്‍  വൈദ്യുതി മന്ത്രി എം എം മണി കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിങ്ങിനോട് അഭ്യര്‍ഥിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com