ഓണത്തിനു മുമ്പുള്ള ഒരു ടേം ഓണ്‍ലൈന്‍ ആയിത്തന്നെ പഠിക്കേണ്ടി വരും: മുഖ്യമന്ത്രി

ഓണത്തിനു മുമ്പുള്ള ഒരു ടേം ഓണ്‍ലൈന്‍ ആയിത്തന്നെ പഠിക്കേണ്ടി വരും: മുഖ്യമന്ത്രി
ഓണത്തിനു മുമ്പുള്ള ഒരു ടേം ഓണ്‍ലൈന്‍ ആയിത്തന്നെ പഠിക്കേണ്ടി വരും: മുഖ്യമന്ത്രി

കണ്ണൂര്‍: ഓഗസ്റ്റിന് മുമ്പ് കോവിഡ് അവസാനിക്കാന്‍ പോകുന്നില്ലെന്നാണ് നിലവിലെ സ്ഥിതിയില്‍ നിന്നും വ്യക്തമാകുന്നതെന്നും അതുകൊണ്ട് ഓണത്തിന് മുമ്പുള്ള ഒരു ടേം പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി തന്നെ പഠിക്കേണ്ടിവരുമെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടി വി നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ച് കാലം കൂടി കോവിഡ് നമ്മുടെ കൂടെയുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും നാം സ്വീകരിക്കുന്ന പ്രതിരോധ നടപടികളില്‍ ഒരിളവും പാടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

കോവിഡ് കാരണം കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെട്ടുകൂട. ക്ലാസില്‍ പോയിരുന്ന് പഠിക്കുന്നതിന് പകരമാവില്ലെങ്കിലും പകരം സംവിധാനത്തിന് നമ്മള്‍ നിര്‍ബന്ധിതരായതിനാലാണ് ഓണ്‍ലൈന്‍ പഠന സംവിധാനമേര്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ലഭിക്കേണ്ടതുണ്ട്. ഇതിന് അസൗകര്യമുള്ള കുട്ടികള്‍ക്ക് പിന്തുണ ആവശ്യമാണ്. ഇതിനുള്ള ചില നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി തീരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ കുട്ടികളെ ഒന്നിച്ചിരുത്തി ക്ലാസ് നല്‍കാന്‍ കഴിയുന്ന വിധത്തില്‍ വായനശാലകള്‍, അങ്കണവാടികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ടി വികള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഇപ്പോള്‍ ഒരുക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേള്‍ക്കുന്ന കണക്കുകളില്‍ പരിഭ്രമിക്കേണ്ടതില്ല. നമ്മുടെ സഹോദരങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഇങ്ങോട്ട് വരുന്നുണ്ട്. അവര്‍ വരേണ്ടതില്ല എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാവില്ല. അവര്‍ക്കുകൂടി അര്‍ഹതപ്പെട്ടതാണ് ഈ നാട്. ഇത്തരത്തില്‍ വരുന്നവരില്‍ ചിലര്‍ രോഗവാഹകരാണ്. അതിനാല്‍ ഇവരില്‍ നിന്നും രോഗം പകരുന്നത് ഒഴിവാക്കണം. ഇതിനായി അവരും കുടുംബാംഗങ്ങളും വാര്‍ഡ്തല സമിതികളും ജാഗ്രതയോടെ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ടി വി വിതരണം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. കേരള സ്റ്റീല്‍ മാനിഫാക്ചറല്‍ അസോസിയേഷനാണ് വിദ്യാര്‍ഥികള്‍ക്കുള്ള ടി വി നല്‍കിയത്. കൂടാതെ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 214 അങ്കണവാടികള്‍ക്കും ടി വി വിതരണം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com