തെരുവുയുദ്ധമായി പ്രതിഷേധം ; പ്രതിപക്ഷ യുവജനസംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം, ഗ്രനേഡ്, ലാത്തിച്ചാര്‍ജ്ജ്

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല
തെരുവുയുദ്ധമായി പ്രതിഷേധം ; പ്രതിപക്ഷ യുവജനസംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം, ഗ്രനേഡ്, ലാത്തിച്ചാര്‍ജ്ജ്

കോഴിക്കോട് : സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകള്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. കോഴിക്കോട് യൂത്ത് ലീഗും യുവമോര്‍ച്ചയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് ലീഗ് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. തുടര്‍ന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്  ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് പരിക്കേറ്റു. നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

കോഴിക്കോട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ച് നടത്തി. കണ്ണൂരില്‍ പിണറായി വിജയന്റെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോവിഡ് രോഗവ്യാപനത്തിന്‍രെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പ്രതിഷേധപരിപാടികളില്‍ 10 പേരില്‍ കൂടരുതെന്നാണ് നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com