പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവർ നിരവധി, കൂടുതൽ പ്രദേശങ്ങളിൽ രോ​ഗവ്യാപന സാധ്യത; അടുത്ത രണ്ടാഴ്ച നിർണായകം

രോ​ഗവ്യാപനം രൂക്ഷമായാൽ പൂന്തുറയിലും ന​ഗരത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ നീളും
പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവർ നിരവധി, കൂടുതൽ പ്രദേശങ്ങളിൽ രോ​ഗവ്യാപന സാധ്യത; അടുത്ത രണ്ടാഴ്ച നിർണായകം

തിരുവനന്തപുരം; സൂപ്പർ സ്പെഡുണ്ടായ പൂന്തുറയിൽ നിന്ന് പുറത്തുപോയവരിലൂടെ മറ്റു പ്രദേശങ്ങളിലേക്കും രോ​ഗവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആശങ്ക. നിരവധി പേരാണ് കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി പുറത്തേക്ക് കൊണ്ടുപോയിരിക്കുന്നത്. ഇവരുടെ സമ്പ‌‌ർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമാണെന്നാണ് വിലയിരുത്തൽ. അതിനാൽ വരാനിരിക്കുന്ന രണ്ടാഴ്ച നി‌ർണായകമാണ്. രോ​ഗവ്യാപനം രൂക്ഷമായാൽ പൂന്തുറയിലും ന​ഗരത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ നീളും.

പൂന്തുറ മേഖലയിൽ ഇന്നലെ രോഗമുണ്ടായവരിൽ 12 പേർ മത്സ്യത്തൊഴിലാളികളും വിൽപ്പനക്കാരുമാണ്. തിരക്കേറിയ മാർക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീൻ വാങ്ങിയിട്ടുണ്ട്. വിൽപ്പനക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയിട്ടുമുണ്ട്. ഇത് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. ഈ സമ്പർക്ക പട്ടിക കണ്ടെത്താനാണ് തീവ്രശ്രമം ന‍ടക്കുന്നത്.

പ്രതിദിനം 500 ആന്റിജൻ ടെസ്റ്റുകൾ പൂന്തുറ മേഖലയിൽ മാത്രം നടത്തുന്നുണ്ട്. കൂടുതൽ പേരിലേക്ക് രോ​ഗം വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ കോവിഡ് ചികിത്സാ പ്രോട്ടോക്കോളിലും മാറ്റം വരുത്തിയേക്കും. രോ​ഗബാധിതരായ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റില്ല. ലക്ഷണമില്ലാത്തവരെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കാണ് മാറ്റുന്നത്.

സംസ്ഥാനത്ത് കോവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ ആദ്യം മാറ്റമുണ്ടാകുന്നതും പൂന്തുറയിലാകും. നിരവധി പേരിലേക്ക് രോഗം പകരുമെന്ന് കണക്കാക്കിയിരിക്കെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുന്നില്ല. രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവ് തുടർന്നാൽ ചികിത്സാ രീതിയിൽ മാറ്റം ആലോചിക്കും. നിയന്ത്രണം നിലനിൽക്കുന്ന മേഖലകൾക്ക് പുറത്തും വ്യാപനം നടക്കുന്നതും ആശങ്ക വർധിപ്പിക്കുകയാണ്. വട്ടപ്പാറ, മണക്കാട്, പാച്ചല്ലൂർ, കടകംപള്ളി എന്നീ മേഖലകളിൽ കഴിഞ്ഞ ദിവസം രോഗം റിപ്പോർട്ട് ചെയ്തു. പലതിനും ഉറവിടമില്ല. പൂന്തുറയിലെ നിലവിലെ നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങാൻ രണ്ടാഴ്ച്ചയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com