സ്വര്‍ണം കണ്ടെത്തി രണ്ടു മണിക്കൂറിനകം സ്വപ്‌നയുടെ ഫോണ്‍ സ്വിച്ച് ഓഫായി, മൂന്നുപേരും രാജ്യാന്തര സംഘത്തിലെ കണ്ണികള്‍: റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ 

രാജ്യാന്തര കളളക്കടത്ത് സംഘത്തിലെ കണ്ണികളാണ് സ്വപ്‌ന സുരേഷും സന്ദീപും സരിത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
സ്വര്‍ണം കണ്ടെത്തി രണ്ടു മണിക്കൂറിനകം സ്വപ്‌നയുടെ ഫോണ്‍ സ്വിച്ച് ഓഫായി, മൂന്നുപേരും രാജ്യാന്തര സംഘത്തിലെ കണ്ണികള്‍: റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ 

കൊച്ചി: രാജ്യാന്തര കളളക്കടത്ത് സംഘത്തിലെ കണ്ണികളാണ് സ്വപ്‌ന സുരേഷും സന്ദീപും സരിത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. മറ്റു കളളക്കടത്ത് സംഘങ്ങള്‍ക്ക് വേണ്ടിയാകാം ഇവര്‍ പ്രവര്‍ത്തിച്ചത്. ഇതിന് മുന്‍പും സ്വപ്‌ന സുരേഷ് കളളക്കടത്തിന് കൂട്ടു നിന്നിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുളള കളളക്കടത്തില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് തളളിക്കളയാന്‍ കഴിയില്ലെന്നും സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട്  കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ കളളക്കടത്ത്. സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യം അറിയൂ. സൗഹൃദത്തിലുളള രണ്ടു രാജ്യങ്ങള്‍ തമ്മിലുളള നയതന്ത്ര ബന്ധത്തെ ബാധിക്കുന്നതാണ് ഈ കളളക്കടത്ത്. അതുകൊണ്ട് ഈ രാജ്യാന്തര കളളക്കടത്തിനെ നിസാരമായി കാണാന്‍ സാധിക്കില്ല. കളളക്കടത്തില്‍ സരിത്തിന്റെ പങ്കും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

കാര്‍ഗോ വിട്ടുകിട്ടാന്‍ സരിത്ത് നേരിട്ടാണ് പണം അടച്ചത്. സാധാരണയായി കോണ്‍സുലേറ്റ് ഓണ്‍ലൈന്‍ മുഖേന പണം അടച്ചാണ് കാര്‍ഗോ വാങ്ങാറ്. ഇവിടെ സരിത്ത് സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുത്താണ് അടച്ചത്. ഇത് ചട്ടവിരുദ്ധമാണ്. സ്വര്‍ണം അടങ്ങിയ ബാഗ് കണ്ടെത്തി രണ്ടു മണിക്കൂറിനകം സ്വപ്‌ന സുരേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് ഇവര്‍ ഒളിവില്‍ പോയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കേസില്‍ മററ് പ്രതികളെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യാന്തര കളളക്കടത്തിലെ മുഖ്യ കണ്ണിയാണ് സ്വപ്‌ന. ഇതിന് മുന്‍പും ഇവര്‍ മൂന്ന് പേര്‍ ചേര്‍ന്ന് നയതന്ത്ര ബാഗ് വഴി കളളക്കടത്ത് നടത്തിയിട്ടുണ്ട്. സന്ദീപിന്റെ ഭാര്യയുടെ മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. യുഎഇ കോണ്‍സുലേറ്റിന്റെ അറിവോടെയാകാം ഈ ഇടപാട് എന്നതാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. എന്നാല്‍ കോണ്‍സുലേറ്റിന്റെ അറിവില്ലാതെയാകാം സ്വര്‍ണം വന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

കഴിഞ്ഞ ആറുമാസത്തിനിടെ എട്ടു ബാഗേജുകള്‍ എത്തിയെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ബാഗേജ് എടുക്കാന്‍ സരിത് വരുന്നത് സ്വന്തം കാറിലാണ്. സാധാരണയായി കോണ്‍സുലേറ്റിന് വരുന്ന ബാഗേജുകള്‍ വാങ്ങാന്‍ കോണ്‍സുലേറ്റിന്റെ തന്നെ വാഹനങ്ങളാണ് വരാറ്. ബാഗേജ് വാങ്ങിയ ശേഷം സരിത്ത് കാറുമായി പേരൂര്‍ക്കട ഭാഗത്തേയ്ക്കാണ് പോകാറ്. സ്വര്‍ണം കൈമാറിയ ശേഷം കോണ്‍സുലേറ്റിലേക്ക് തിരികെ വരുമെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനാല്‍ പേരൂര്‍ക്കട ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പൊലീസിനോട് തേടിയിട്ടുണ്ട്. ഇതിലൂടെ കളളക്കടത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയുമെന്നാണ് കസ്റ്റംസ് കരുതുന്നത്. നിലവില്‍ സരിത്തിനൊപ്പം ഇരുത്തി കാര്‍ഗോ ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹരിരാജനെയും കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. ബാഗേജ് പിടിച്ചുവച്ച 30 ന് ഇത് വിട്ടുതരാന്‍ ആവശ്യപ്പെട്ട്
ഹരിരാജന്‍ കസ്റ്റംസ് കമ്മീഷണര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചതായി കസ്റ്റംസ് പറയുന്നു. ഉടന്‍ തന്നെ ബാഗേജ് വിട്ടുതരണമെന്ന ഹരിരാജന്റെ ആവശ്യം അസാധാരണ നടപടിയായാണ് കസ്റ്റംസ് കാണുന്നത്. അതിനാല്‍ ഇരുവരെയും ഒരുമിച്ച് നിര്‍ത്തി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com