ഓട്ടോ ടാക്‌സി സര്‍വീസുകള്‍ ഇന്നുമുതല്‍; ബസ് സര്‍വീസ് ഇല്ല; കടകള്‍ രാവിലെ ഏഴുമുതല്‍ 12 വരെ, വൈകീട്ട് നാലുമുതല്‍ ആറ് വരെ; തിരുവനന്തപുരത്ത് ഇളവുകള്‍ ഇങ്ങനെ

ജില്ലയില്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ അഞ്ചുവരെയുള്ള നിശാനിയമം തുടരും
ഓട്ടോ ടാക്‌സി സര്‍വീസുകള്‍ ഇന്നുമുതല്‍; ബസ് സര്‍വീസ് ഇല്ല; കടകള്‍ രാവിലെ ഏഴുമുതല്‍ 12 വരെ, വൈകീട്ട് നാലുമുതല്‍ ആറ് വരെ; തിരുവനന്തപുരത്ത് ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍, നഗര പരിധിയില്‍ പൊതുപരീക്ഷകള്‍ ഉണ്ടാകില്ല.ടാക്‌സി, ഓട്ടോ സര്‍വീസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കും. ബസ് സര്‍വീസ് ഉണ്ടാകില്ല. 

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍, പാല്‍വിതരണ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമുതല്‍ പകല്‍ 12വരെയും വൈകിട്ട് നാലുമുതല്‍ ആറുവരെയും തുറക്കാം. പകല്‍ ഒന്നുമുതല്‍ മൂന്നുവരെ കടകളിലേക്ക് സ്‌റ്റോക്ക് എടുക്കാം. ജില്ലയില്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ അഞ്ചുവരെയുള്ള നിശാനിയമം തുടരും. 
 
റോഡ്, ഹൈവേ, പാലം, ആശുപത്രി തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. പരിമിത ജീവനക്കാരുമായി ടെക്‌നോപാര്‍ക്കിന് പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ആശുപത്രി, ക്ലിനിക്കുകള്‍, മെഡിക്കല്‍ ഷോപ്പ് മറ്റ് മരുന്നു വിതരണ, നിര്‍മാണ ശാലകള്‍ എന്നിവ പ്രവര്‍ത്തിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യാത്രയ്ക്ക് അനുമതി. 
 
ജനകീയ ഹോട്ടലുകള്‍, മരുന്ന് വിതരണം എന്നിവയ്ക്ക് മാത്രം ഡോര്‍ ഡെലിവറി. ദേശീയപാതയില്‍ സഞ്ചാരാനുമതി (കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിര്‍ത്താന്‍ അനുവദിക്കില്ല). 

തുറന്നുപ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

മന്ത്രിമാര്‍, സ്പീക്കര്‍, ചീഫ് സെക്രട്ടറി എന്നിവരുടെ ഓഫീസ്, ആരോഗ്യ, ആഭ്യന്തര, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ, നോര്‍ക്ക വകുപ്പ് ഓഫീസുകള്‍ (പരമാവധി 50 ശതമാനം ജീവനക്കാര്‍), ഗവ. പ്രസ്, സെക്രട്ടറിയറ്റിലെ മറ്റു വകുപ്പുകള്‍. 
അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെടാത്ത മറ്റ് ഓഫീസുകളില്‍ വകുപ്പുമേധാവികള്‍ക്ക് അത്യാവശ്യമായ സേവനങ്ങള്‍ നിര്‍വഹിക്കുന്നതിന് ജീവനക്കാരുടെ സേവനം ക്രമീകരിക്കാം (30 ശതമാനത്തില്‍ കുറയാത്ത ജീവനക്കാര്‍), പ്രതിരോധവകുപ്പ്, പാരാമിലിട്ടറി സര്‍വീസ്, ട്രഷറി, മറ്റ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ദുരന്തനിവാരണം, പോസ്റ്റ് ഓഫീസ്, വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍, കലക്‌ട്രേറ്റ്, നഗരസഭാ കാര്യാലയം, പൊലീസ്, ഹോം ഗാര്‍ഡ്, താലൂക്ക്–വില്ലേജ് ഓഫീസുകള്‍, ആര്‍ഡിഒ ഓഫീസ്.

 നഗരസഭയിലെ മാണിക്യവിളാകം (വാര്‍ഡ് 75), പൂന്തുറ (66), പുത്തന്‍പള്ളി (74) വാര്‍ഡുകളാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍. ഇവിടെ ഈ ഇളവുകള്‍ ബാധകമല്ല. ഇവിടങ്ങളിലെ വലിയതുറ, വള്ളക്കടവ്, മുട്ടത്തറ, ബീമാപ്പള്ളി, ബീമാപ്പള്ളി ഈസ്റ്റ് എന്നീ വാര്‍ഡുകള്‍ ബഫര്‍ സോണുകളാണ്. ഇവിടങ്ങളില്‍ പലചരക്ക്, പാല്‍, ബേക്കറി രാവിലെ ഏഴുമുതല്‍ പകല്‍ രണ്ടുവരെ. (സ്‌റ്റോക്ക് എടുക്കാം) ആരോഗ്യ, ജല, വൈദ്യുത സേവനങ്ങള്‍ 24 മണിക്കൂര്‍ ഉണ്ടാകും.

ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. എടിഎം സൗകര്യം രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com