സമ്പർക്ക രോ​ഗവ്യാപനം ഏറുന്നു; നാളത്തെ എൻട്രൻസ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ഐഎംഎ

1.10 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ഇത്രയും പേർ വരുമ്പോൾ പരീക്ഷ സെൻററുകളിൽ ആൾക്കൂട്ടമുണ്ടാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോ​ഗവ്യാപനം വർധിക്കുന്ന സാ​ഹചര്യത്തിൽ നാളെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന കേരള എൻജിനീയറിങ്– ഫാര്‍മസി എൻട്രൻസ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ഐഎംഎ. യാത്രാനിയന്ത്രണവും കണ്ടൈൻമെന്‍റ് സോണുകളും ഉള്ളതിനാൽ പരീക്ഷ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. എബ്രഹാം വർഗീസ് പറഞ്ഞു.

1.10 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ഇത്രയും പേർ വരുമ്പോൾ പരീക്ഷ സെൻററുകളിൽ ആൾക്കൂട്ടമുണ്ടാകും. വിദ്യാർഥികളോടൊപ്പം മാതാപിതാക്കളും പരീക്ഷ സെൻററിലെത്തും. സമൂഹവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കുകയാണ് അഭികാമ്യമെന്ന്   അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 20, 21 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ജൂലൈ 16 ലേയ്ക്ക് മാറ്റിയത്. കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്ട്സ്സ്‌പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകളിലും കോവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്.

കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമേ ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാര്‍ത്ഥികള്‍ കീം പരീക്ഷ എഴുതുന്നുണ്ട്. തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പൊലിസിന്റെ സഹായം ഉറപ്പാക്കും. പരീക്ഷയ്ക്കു മുമ്പും ശേഷവും എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com