തീരമേഖലയെ മൂന്നായി തിരിച്ച് നിയന്ത്രണം; കാസര്‍കോട് പുതിയ ഏഴ് ക്ലസ്റ്ററുകള്‍, അടൂര്‍ മുന്‍സിപ്പാലിറ്റി കണ്ടെയ്ന്‍മെന്റ് സോണ്‍

വടക്ക് ഇടവ മുതല്‍ തെക്ക് പൊഴിയൂര്‍ വരെയുള്ള ഭാഗങ്ങളിലാണ് ലോക്ക്ഡൗണ്‍. 
തീരമേഖലയെ മൂന്നായി തിരിച്ച് നിയന്ത്രണം; കാസര്‍കോട് പുതിയ ഏഴ് ക്ലസ്റ്ററുകള്‍, അടൂര്‍ മുന്‍സിപ്പാലിറ്റി കണ്ടെയ്ന്‍മെന്റ് സോണ്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയിലെ തീരമേഖലയില്‍ പത്തുദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ന് രാത്രി 12 മണിമുതല്‍ നിരവില്‍ വരും. വടക്ക് ഇടവ മുതല്‍ തെക്ക് പൊഴിയൂര്‍ വരെയുള്ള ഭാഗങ്ങളിലാണ് ലോക്ക്ഡൗണ്‍. 

ലോക്ക്ഡൗണ്‍ നടത്തിപ്പിന്റെ അനായാസ പ്രവര്‍ത്തനത്തിനായി തീരമേഖലയെ മൂന്നായി തരംതിരിച്ചു. ഇടവ മുതല്‍ പെരുമാതുറ വരെയുള്ള ഭാഗങ്ങളെ സോണ്‍ 1ല്‍ ഉള്‍പ്പെടുത്തി. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണിലാണ്. വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെയുള്ള ഭാഗത്തെ മൂന്നാമത്തെ സോണില്‍ ഉള്‍പ്പെടുത്തി. 

അതേസമയം, രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന കാസര്‍കോട് കൂടുതല്‍ ക്ലസ്റ്ററുകള്‍ കണ്ടെത്തി. കാസര്‍കോട് നഗരസഭ, ചെങ്കള, മംഗല്‍പാടി പഞ്ചായത്തുകളിലുമായി ഏഴു പുതിയ ക്ലസ്റ്ററുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 

അടൂര്‍ മുന്‍സിപ്പാലിറ്റി മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണായി. സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പട്ടാമ്പി മീന്‍ ചന്തയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കടകള്‍ അടച്ചു. മാര്‍ക്കറ്റിലെ തൊഴിലാളിക്ക് കവിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഇടുക്കി ജില്ലയിലെ മൂന്നാറിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ടാറ്റ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഇതേത്തുടര്‍ന്ന് മൂന്നാര്‍ നിയന്ത്രിത മേഖലയാക്കി.

മൂന്നാര്‍ ടൗണ്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചു. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന നാല് ഡോക്ടര്‍മാരെയും 12 ജീവനക്കാരെയും നിരീക്ഷണത്തിലാക്കി.

ഡോക്ടറും നേഴ്‌സുമടക്കം 11 പേര്‍ക്കാണ് ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആന്റിജന്‍ പരിശോധനയിലൂടെയാണ് സമ്പര്‍ക്കരോഗികളെ കണ്ടെത്തിയത്. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 303 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com