കൊണ്ടോട്ടി, തിരൂര്‍, പെരിന്തല്‍മണ്ണ മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചു; മലപ്പുറത്ത് കടുത്ത നിയന്ത്രണം 

കൊയിലാണ്ടിയില്‍ നിന്ന് മത്സ്യവുമായെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊണ്ടോട്ടിയിലെ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍. കൊയിലാണ്ടിയില്‍ നിന്ന് മത്സ്യവുമായെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊണ്ടോട്ടിയിലെ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു. തിരൂരില്‍ മീന്‍ മാര്‍ക്കറ്റ് അടയ്ക്കാനും നിര്‍ദേശം നല്‍കി. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് പരിശോധന നടത്താനും തീരുമാനിച്ചു. പെരിന്തല്‍മണ്ണയിലെ മത്സ്യമൊത്ത വ്യാപാര കേന്ദ്രം അടയ്ക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടികള്‍ കടുപ്പിച്ചത്.

മലപ്പുറത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,240 പേര്‍ക്കാണ്. നിലവില്‍ 577 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 40930 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. തൊട്ടടുത്തുളള ജില്ലയായ പാലക്കാടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ രോഗികളെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പട്ടാമ്പിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. 

ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി താലൂക്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. അനുബന്ധ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com