മലപ്പുറത്ത് കടുത്ത നിയന്ത്രണം, ജില്ലയില്‍ കൂടുതല്‍ മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചു

തൊഴിലാളികളില്‍ കൂടുതല്‍ പേരില്‍ കോവിഡ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ മലപ്പുറത്ത് മത്സ്യമാര്‍ക്കറ്റുകള്‍ക്ക് നിയന്ത്രണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: തൊഴിലാളികളില്‍ കൂടുതല്‍ പേരില്‍ കോവിഡ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ മലപ്പുറത്ത് മത്സ്യമാര്‍ക്കറ്റുകള്‍ക്ക് നിയന്ത്രണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് ജില്ലയിലെ കൂടുതല്‍ മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. കോട്ടപ്പടി, മഞ്ചേരി, നിലമ്പൂര്‍ മത്സ്യമാര്‍ക്കറ്റുകള്‍ കൂടി അടച്ചിടാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇന്നലെ കൊണ്ടോട്ടി, തിരൂര്‍, പെരിന്തല്‍മണ്ണ മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചിട്ടിരുന്നു.

കൊയിലാണ്ടിയില്‍ നിന്ന് മത്സ്യവുമായെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കൊണ്ടോട്ടിയിലെ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചിടാന്‍ ഇന്നലെ തീരുമാനിച്ചത്. തൊഴിലാളികളില്‍ കൂടുതല്‍ പേരില്‍ രോഗബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളില്‍ ഒന്നടങ്കം പരിശോധന നടത്താനാണ് തീരുമാനം.

അതിനിടെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട്- മലപ്പുറം അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. പുലാമന്തോള്‍, തിരുവേഗപ്പുറ പാലങ്ങള്‍ അടച്ചു. പട്ടാമ്പിയിലെ രോഗവ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം.

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പട്ടാമ്പി താലൂക്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 67 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ക്കറ്റിലെ തൊഴിലാളിക്ക് രോഗം ബാധിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പരിശോധന നടത്തിയത്. കോവിഡ് രോഗികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ ജില്ലയില്‍ 28 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഉളളത്. ഇതുള്‍പ്പെടെ 47 രോഗബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. കൂടുതല്‍ റാപ്പിഡ് ടെസ്റ്റുകള്‍ നടത്തി രോഗികളെ കണ്ടെത്തി രോഗവ്യാപനം തടയാനാണ് ലക്ഷ്യമിടുന്നത്. ചെറിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ പോലും പരിശോധനയ്ക്ക വിധേയമാകണമെന്നാണ് നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com